Thursday, July 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കാൽവരിയിലെ ഡിസംബർ
കാൽവരിയിലെ ഡിസംബർ

കാൽവരിയിലെ ഡിസംബർ

by Editor

ദൈവം പിറക്കുന്ന നാളിൽ
ജ്വലിക്കും
– പണ്ട് താനേയെരിഞ്ഞ നക്ഷത്രങ്ങൾ
നെഞ്ചിൽ ..
പാതിരാക്കുർബ്ബാനയ്ക്ക്
പള്ളിയിലിരുന്നമ്മയെ ഓർത്തു
തേങ്ങക്കൊത്തുകളും
കുഞ്ഞുള്ളിയും മൂപ്പിച്ച
മസാലക്കറിയും
മേലാകെ
കുഞ്ഞു തുളകൾ പൊന്തിയ
വെളുത്ത അപ്പവും കൊണ്ടടുക്കള
നിറയുന്നതു സ്വപ്നം കണ്ട്
ഉറക്കം തൂങ്ങി നിന്നു
തിരികെ വരും നേരം
വഴിയിറമ്പിലെ വീടുകളിൽ തൂങ്ങും താരക
– ച്ചന്തങ്ങളുമെണ്ണി …
കുഞ്ഞുകാലൊരെണ്ണ
– മല്പമുയർത്തി
സുകൃതജപങ്ങളാൽ
ഞാൻ തുന്നിക്കൊടുത്ത
കസവരികുള്ളയുടുപ്പുമിട്ട്
പുഞ്ചിരിച്ചു കിടക്കുമെന്റെ
ഉണ്ണിയീശോയുമൊത്ത്
സന്ധ്യയ്ക്ക് പൊട്ടിച്ച
പൊട്ടാപ്പടക്കങ്ങൾ
തിരഞ്ഞു നടന്ന
പാതിരാവ് …
കമ്പിത്തിരികളും
മത്താപ്പുകളും
പൊലിഞ്ഞു പോയ്
എന്റെ നക്ഷത്രവും ചിറകറ്റു വീണു..
വർഷത്തിലേറെ
വിഷാദിയായ്
മഞ്ഞുതണുപ്പുള്ള
ഡിസംബർ …
ഒന്നെത്തി നോക്കാതെ പോയ്
പടിക്കലൂടെ
രക്ഷകന്റെ പാട്ടുകൾ
ഇപ്പോഴെന്തൊ
– രൊച്ചയാണ് ,
ഇംഗ്ളീഷ് സ്പാനിഷ്
പിന്നെയുമെത്രയോ
ഭാഷ പറയുന്ന സംഗീതികകൾ
എത്രയെത്ര താരകളാണ്
തൊട്ടു വിളിക്കുന്നതെന്നെ
നൃത്തമാടാൻ ….
ഉണ്ണി വളർന്നു കർത്താവായിരു
– ന്നുള്ളിലപ്പോൾ
പാട്ടുവീടുകൾ വിട്ടിറങ്ങി
– വന്നെന്റെ കൈപിടിച്ചു,
വരൂ നമുക്കൊന്ന്
പോയ് വരാം …
കുരിശിന്റെ വഴികളോർത്തു
കാൽവരി കാണാൻ
പോയി ഞങ്ങൾ
എന്റെ കാതിൽ
പതിയെ രഹസ്യമോതി,
തിരികെ വരുമ്പോഴേക്കും
നർത്തകരും ഗായകരും
നമ്മെ മറന്നിടും …

ആൻസി സാജൻ

Send your news and Advertisements

You may also like

error: Content is protected !!