കാൻസ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായി പായൽ കപാഡിയ തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍ തിങ്കളാഴ്ചയാണ് വിവരം പുറത്തുവിട്ടത്. മെയ് 13 മുതല്‍ 24 വരെയാണ് 78-ാമത് കാന്‍സ് ചലച്ചിത്രമേള അരങ്ങേറുക.
ഇറ്റാലിയൻ നടൻ ആൽബം റോർവാച്ചർ, അമേരിക്കൻ നടിയും സംവിധായികയുമായ ഹാലി ബെറി, കൊറിയൻ ചലച്ചിത്ര നിർമാതാവ് ഹോങ് സാങ്സൂ, ഫ്രഞ്ച് മൊറോക്കൻ എഴുത്തുകാരി ലൈല സ്ലിമാനി, കോംഗോളിയൻ സംവിധായകൻ ഡീഡോ ഹമാഡി, മെക്സിക്കൻ സംവിധായകൻ കാർലോസ് റെഗാഡസ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
2024-ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായികയാണ്. ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ചിത്രമാണ് പായലിന്റെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്‌മമായി അവതരിപ്പിക്കുന്ന ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും.
1986 -ൽ മുംബൈയിൽ ജനിച്ച പായൽ സെൻ്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളിൽ നിന്നായാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വിദ്യാർഥിയായിരിക്കെ സംവിധാനം ചെയ്‌ത ആഫ്റ്റർനൂൺ ക്ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേളയിൽ സെലക്ഷൻ ലഭിച്ച ഏക വിദ്യാർഥിയായിരുന്നു അന്ന് പായൽ.