വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി 11 മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ തെരുവിൽ എത്തിയിരുന്നു. ആഘോഷം നടന്നിരുന്ന ഫ്രേസർ സ്ട്രീറ്റിനും 41ാം അവന്യൂവിനും സമീപത്തു സ്ട്രീറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ടിരുന്ന ജനങ്ങൾക്കിടയിലേക്ക് അമിതവേഗതയിൽ കാർ ഇടിച്ചുകയറ്റിയാണ് കൂട്ടക്കൊല നടത്തിയത്. സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. കറുത്ത SUV കാറാണ് ഇയാൾ ഓടിച്ചിരുന്നത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച് ജനങ്ങളുടെ ശരീരത്തിലൂടെ കയറിയിറങ്ങി അരക്കിലോമീറ്ററോളം ദൂരം കാർ സഞ്ചരിച്ചുവെന്നാണ് വിവരം. മാനസിക പ്രശ്നമുള്ള ആളാണ് എന്നാണ് പ്രാഥമിക വിവരം.
ആളുകൾ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലുടനീളം മൃതദേഹങ്ങൾ കിടക്കുന്ന വീഡിയോ ആക്രമണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അക്രമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.