കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ തീ ഇതുവരെ നിയന്ത്രിക്കാനായില്ല. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ് ഗാർഡിൻ്റെയും നാവിക സേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാൻ സാധിക്കാത്തതാണ് കാരണം. രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലിൽ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്.
മംഗളൂരുവിൽ നിന്നും ബേപ്പൂരിൽ നിന്നും രണ്ട് വീതം കപ്പലുകളാണ് അപകട സ്ഥലത്തേക്ക് പോയത്. ഇതിൽ മംഗളുരുവിൽ നിന്ന് പോയ കപ്പലിൽ ഡോക്‌ടർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, കപ്പലുകൾക്ക് അടുക്കാൻ പറ്റാത്തത് പ്രതിസന്ധിയായി. കോസ്റ്റ് ഗാർഡിൻ്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും അപകട സ്ഥലത്തുണ്ട്. കൂടാതെ മൂന്ന് ഡോണിയർ വിമാനങ്ങളും രക്ഷാ പ്രവർത്തനത്തിനുണ്ട്. കപ്പൽ ജീവനക്കാരിൽ ഏറെയും തയ്വാൻ സ്വദേശികളാണ്.
കണ്ടെയ്‌നറുകളിൽ കൂടുതൽ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്‌തുക്കളുള്ളതും തീയുടെ കാഠിന്യവുമാണ് മറ്റ് കപ്പലുകൾക്ക് വാൻഹായ് 503-ന് അടുത്തേക്കെത്താൻ സാധിക്കാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. തീ പിടിച്ച കപ്പലിൽ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്‌നറുകൾ കടലിലേക്ക് വീണിരുന്നു. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്‌തുക്കൾ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ 9.30 ഓടുകൂടിയാണ് കപ്പലിൽ സ്ഫോടനമുണ്ടായെന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കിൽ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് 12.40 ഓടെ കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.