സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വിദ്യാർഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് വിൽപ്പന നടത്തിയതെന്ന് പൊലിസിന് മനസിലായി.
ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി പൊലിസിന് നല്‍കിയ മൊഴി. കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തി വരികയായിരുന്നു. മിഠായി ഒന്നിന് 30 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് അനുസരിച്ച് കേസെടുത്തു.