Wednesday, July 30, 2025
Mantis Partners Sydney
Home » ഓർമ്മയിലെ ഡിസംബർ
ഓർമ്മയിലെ ഡിസംബർ

ഓർമ്മയിലെ ഡിസംബർ

by Editor

കാത്തിരുന്ന് ചാരത്തണയുന്ന ഡിസംബറിന്റെ തുടക്കം തന്നെ ആവേശത്തോടെ ഉമ്മറത്ത് നക്ഷത്ര വിളക്കുകൾ തൂക്കിയും മുറ്റത്തെ ചെടികൾ പല വർണ്ണക്കടലാസുകളാൽ അലങ്കരിച്ചും പുൽക്കൂടൊരുക്കിയും ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങിയപ്പോൾ തൊട്ടയല്പക്കത്ത് വീടിനുള്ളിൽ ഉത്സവപ്രതീതിയുണർത്തി ഉയർന്ന ക്രിസ്മസ് ട്രീ കടൽ കടന്നെത്തിയതായിരുന്നു. ബഹുവർണ്ണത്തിലുള്ള ലൈറ്റ്സും പലവിധ അലുക്കുകളും തൂക്കി മനോഹരമാക്കിയ ആ ട്രീ വിദേശരാജ്യത്തിന്റെ എല്ലാ പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു കൗതുകം ജനിപ്പിച്ച് മോടിയേറി തലയെടുപ്പോടെ നിന്ന ആ ക്രിസ്തുമസ് ട്രീയിലായിരുന്നു മനസ്സുടക്കിയിരുന്നത്.

ഡിസംബറിന്റെ ആരംഭത്തോടെ ഇരുപത്തിയഞ്ച് ദിവസം നീളുന്ന നോമ്പിന് തുടക്കമാവുന്നു. വളരെ ഉത്സാഹത്തോടെ നോമ്പുകൾ മുടങ്ങാതെ നോക്കിയിരുന്ന കാലം. മാസത്തിന്റെ പകുതിയോടെ കരോൾ സംഘങ്ങൾ ഭവന സന്ദർശനത്തിന് തുടക്കം കുറിക്കുകയായി. രാത്രിയുടെ നിശബ്‌ദതയിൽ അങ്ങിങ്ങായി വിദൂരതയിൽ നിന്നൊഴുകിയെത്തിയിരുന്ന താളമേളങ്ങൾക്കായി കാതോർത്തിരുന്ന രാത്രികൾ.

തിരുജനനത്തിന്റെ വരവറിയിച്ച് പെട്രോൾ മാക്സിന്റെ അരണ്ട വെളിച്ചത്തിൽ നക്ഷത്ര വിളക്കുകളുമായി പടി കടന്നെത്തുന്ന കരോൾ സംഘങ്ങൾക്കായുള്ള കാത്തിരിപ്പ്‌.

കാത്തിരുന്ന് വീട്ടിലെത്തിയ ക്രിസ്മസ് പാപ്പയെ പേടിയോടെ വാതിലിന് പുറകിൽ നിന്ന് ഒളിഞ്ഞ് നോക്കി കണ്ട നാളുകൾ. വിവിധ പള്ളികളായും ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള ധനശേഖരണാർത്ഥം രൂപപ്പെടുന്ന തട്ടിക്കൂട്ട് സംഘങ്ങളായുമൊക്കെ എത്തി തിരുപ്പിറവിയുടെ സദ്‌വാർത്തയറിയിച്ചു കട്ടൻ കാപ്പിയും ലഘു ഭക്ഷണവും കഴിച്ച് മടങ്ങിയ കരോൾ സംഘങ്ങൾ. പണം കൊടുക്കാനില്ലയെന്ന കാരണത്താൽ തങ്ങൾക്ക് നേരെ കൊട്ടിയടച്ച വാതിലുകൾക്ക്‌ മുന്നിൽ നിന്നും നിരാശരായി മടങ്ങുന്ന ബാൻഡ് മേളങ്ങൾ ജനാലയിലൂടെ കണ്ട് സമാധാനമടങ്ങിയ രാവുകൾ.

വിദേശവാസികളായ പ്രിയപ്പെട്ടവരിൽ നിന്നെത്തുന്ന ജിംഗിൾ ബെൽസ് പാടുന്ന ആശംസാ കാർഡുകൾ കണ്ട് കൗതുകമേറിയ കാലം. മഞ്ഞു പുതച്ച തെരുവീഥികളും മഞ്ഞു മനുഷ്യനും മനോഹരങ്ങളായ പലവിധ അലങ്കാരങ്ങളുമൊക്കെ ആകർഷകങ്ങളായ ചിത്രങ്ങളായുള്ള ആ ആശംസാകാർഡുകൾ ശേഖരിച്ച് സൂക്ഷിച്ചു വച്ചിരുന്നു.

ഇരുട്ടിനെ ഭേദിച്ചുകൊണ്ട് തല മുതിർന്നയാൾ തെളിച്ചു തന്ന ടോർച്ച് വെളിച്ചത്തിൽ സംഘം ചേർന്ന് പാതിരാ കുർബാനക്കായി നടന്നു പോയ ഇടവഴികൾ. കുർബാനയ്ക്കിടയിൽ എപ്പോഴോ വില്ലനായെത്തിയ നിദ്ര കൺപോളകളെ തഴുകിയെത്തിയപ്പോൾ തോൽവി സമ്മതിച്ച് പള്ളിക്കുള്ളിൽ ഒരു കോണിലായി ചാരിയിരുന്നുള്ള ഉറക്കം. കുട്ടികളുടെ നിസ്സഹായത ഒട്ടും മനസ്സിലാക്കാതെ ഉറങ്ങുന്നവരെ വിളിച്ചുണർത്തി വഴക്ക് പറഞ്ഞ സൺ‌ഡേ സ്കൂൾ പഠിപ്പിച്ചിരുന്ന ഏറ്റവും തല മൂത്ത അപ്പച്ചൻ. കുർബാനക്കിടയിൽ വികൃതികളായി അലക്ഷ്യമായി നിൽക്കുന്നവരെ നേരെയാക്കാൻ കണ്ണുരുട്ടിയും കിഴുക്കിയും അപ്പച്ചൻ എപ്പോഴും മുന്നിൽ തന്നെയുണ്ടാവും.

കുർബാനക്ക്‌ ശേഷം പള്ളിയിൽ കിട്ടിയ കേക്ക് കഷണം കഴിച്ച് മടങ്ങിയെത്തുമ്പോഴേക്ക് അടുക്കള സജീവമായിട്ടുണ്ടാവും. തിരക്കിട്ടുള്ള ജോലികളിൽ മുഴുകി അമ്മയും ഡിസംബറിലെ തണുത്ത വെളുപ്പാൻ കാലത്ത് മുറ്റത്ത് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്‌ കൊണ്ട്‌ അപ്പനുമുണ്ടാവും.

വീണ്ടുമൊന്ന് മയങ്ങിയുണരുമ്പോളേക്ക് തയ്യാറായ അപ്പവും ചിക്കൻ കറിയും കൂടെ കൊതിയോടെ കഴിക്കാൻ കാത്തിരുന്ന കേക്കും കൂട്ടിയുള്ള ഇത്തിരി ആർഭാടം നിറഞ്ഞ പ്രഭാത ഭക്ഷണം. ചിക്കനും ബീഫുമൊക്കെ തീൻ മേശയിലെത്താൻ വിശേഷ ദിവസങ്ങൾക്കായി കാത്തിരിക്കണം. വിശേഷ ദിവസങ്ങളിൽ പലപ്പോഴും പലഹാരങ്ങളുമായി അതിഥിയായി അമ്മാവനുമെത്തും.

ഉച്ചയൂണിന് ശേഷം നഗരത്തിൽ നടക്കുന്ന എക്യൂമിനിക്കൽ ക്രിസ്മസ് റാലി കാണാനായി പുറപ്പെടുകയായി. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പലവിധ ടാബ്ലോകൾ. ജോസഫും മേരിയും മാലാഖമാരും ആട്ടിടയരും വിദ്വാന്മാരുമൊക്കെയായി മണിക്കൂറുകൾ നീളുന്ന ഘോഷയാത്ര. നഗരവീഥിക്ക്‌ ഇരുവശവുമായി മതസൗഹാർദ്ദം കൈകോർത്ത് അണിനിരന്നിരിക്കുന്ന കാഴ്ചയും മനസ്സിന് കുളിർമ്മ നല്കുന്നതായിരുന്നു.

പകൽ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ക്രിസ്തു ദേവന്റെ ജന്മദിനാഘോഷത്തിന് തിരശീലയിടണമെന്ന് ആഗ്രഹമറിയിക്കുമ്പോൾ പടക്കം പൊട്ടിക്കും പോലെ തുടയ്ക്ക് നല്ലതു തീർത്തു തരും എന്ന അമ്മയുടെ ഭീഷണിക്ക് മുൻപിൽ ഭയന്ന് പകലുണ്ടാക്കിയതിന്റെ ബാക്കിയായിരിക്കുന്ന ആഹാരമെന്തെങ്കിലും കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോഴും തൊട്ടടുത്ത് സുഹൃത്തുക്കളുടെ വീട്ടിൽ കരിമരുന്ന്പ്രയോഗം തുടങ്ങിയിട്ടുണ്ടാവും.

പരാതിയും പരിഭവങ്ങളുമില്ലാതെ പരിമിതികളിലും പോരായ്മകളിലും
പരസ്പര സ്നേഹവും കരുതലും പങ്കിട്ടിരുന്നൊരു കാലം …….

ഇന്നിപ്പോൾ ഓരോ ഡിസംബർ കാലവും കൊഴിഞ്ഞു വീണ നല്ലൊരു കാലത്തിന്റെ ഓർമ്മ പുതുക്കലായെത്തുന്നു.

പ്രീത അലക്സ്

Send your news and Advertisements

You may also like

error: Content is protected !!