മെൽബൺ: ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ ഓസ്ട്രേലിയയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ 1.3 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 1.5 ശതമാനം വളർച്ചയാണ് സാമ്പത്തിക വിദഗ്‌ധർ പ്രതീക്ഷിച്ചിരുന്നത്.
സമ്പദ് വ്യവസ്ഥയുടെ വാർഷിക വളർച്ചാ നിരക്ക് കഴിഞ്ഞ ആറു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. 2017 സെപ്റ്റംബർ പാദത്തിന് ശേഷം വളർച്ചയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഈ വർഷം പകുതിയോടെ 1.8 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രവചനം. ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 0.7 ശതമാനം വളർച്ച കൈവരിച്ചാൽ മാത്രമേ ഈ ലക്ഷ്യത്തിലെത്തൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഗോള വ്യാപാര സഘർഷങ്ങളാണ് വളർച്ച മന്ദഗതിയിലാകാൻ കാരണമെന്ന് ബ്യൂറോ വ്യക്തമാക്കി.