കാൻബറ: വീടുകൾക്ക് വില കുതിച്ചുയരുന്ന സാഹചര്യം നേരിടാനായി ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വിദേശികൾ വീടുകൾ വാങ്ങുന്നത് വിലക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്ക് വരുകയും പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാരുൾപ്പടെയുള്ള വിദേശികരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ വിദേശികൾക്ക് ഈ വിലക്ക് തുടരുമെന്ന് ഓസ്‌ട്രേലിയയുടെ ഭവന മന്ത്രി ക്ലെയർ ഒ നീൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ബജറ്റ് മറുപടി പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഇതേ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു.
ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. ജീവിതച്ചെലവ് കൂടുന്നതിനിടെ ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന് ഭയപ്പെടുന്ന യുവ വോട്ടർമാരെ തീരുമാനം സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ. സമീപ വർഷങ്ങളിൽ ഭൂമി വിലയ്ക്കൊപ്പം വാടകയും ഓസ്ട്രേലിയയിൽ കുതിച്ചുയരുകയാണ്.