വിയന്ന: ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പിൽ പത്തു മരണം. നിരവധിപേർക്ക് പരിക്കേറ്റു. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10 മണിയോടെ ഒരു തോക്കുധാരി രണ്ട് ക്ലാസ് മുറികളിൽ വെടിയുതിർത്തതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാസിലെ ബോർഗ് ഡ്രെയർഷുറ്റ്സെൻഗാസ് (BORG Dreierschützengasse) ഹൈസ്കൂളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു, കെട്ടിടം സമഗ്രമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
സ്കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 22 കാരനായ മുൻ വിദ്യാർത്ഥിയാണ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് സൂചന. രക്ഷാപ്രവർത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.