ന്യൂ ഡൽഹി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തി. സർക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ പുറത്തേക്ക് എത്തിയത്. ഓപ്പറേഷൻ സിന്ധു എന്നാണ് ഒഴിപ്പിക്കൽ നടപടികൾക്ക് ഇന്ത്യ പേര് നൽകിയിരിക്കുന്നത്.
ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കിയത്. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.
ഇസ്രയേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഇന്ത്യ ഊർജിതമാക്കി. ടെഹ്റാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. പതിനായിരത്തോളം പേര് ഇറാനിൽ ഉണ്ടെന്നാണ് സൂചന. എല്ലാവരെയും ഒഴിപ്പിക്കേണ്ടി വന്നാൽ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കൽ ദൗത്യമായിരിക്കും ഇത്.