ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഏഴ് പ്രതിനിധി സംഘാംഗങ്ങളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വൈകുന്നേരം ഏഴ് മണിക്കായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. പ്രധാനമന്ത്രി പ്രതിനിധി അംഗങ്ങളെ അഭിനന്ദനം അറിയിച്ചു. തുടർന്നും ഇത്തരം സന്ദർഭങ്ങളിൽ പ്രതിനിധി സംഘങ്ങളായി ജനപ്രതിനിധികളെ തന്നെ അയക്കണമെന്ന് സംഘാംഗങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗപചാരികമെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. താൻ വ്യക്തിപരമായി തയ്യാറാക്കി റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയെന്ന് ശശി തരൂർ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി നേരത്തെ പറഞ്ഞിരുന്നു. ഒരു ഭാരതീയനായി മാത്രമാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തൻ്റെ കടമ. ആ കടമ പൂർത്തിയാക്കിയെന്നും മടങ്ങിയെത്തിശേഷം ശശി തരൂര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പറയാനില്ല. വിവാദങ്ങൾക്ക് മറുപടി സമയമാകുമ്പോൾ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.