വിദ്യാർഥികൾക്ക് സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസ് മുതൽ പരിശീലനം നൽകും. കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയാണ് പ്രഖ്യാപനം നടത്തിയത്. സ്‌കൂള്‍ കായിക അധ്യാപകര്‍, എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്) ഉദ്യോഗസ്ഥര്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റുകള്‍ എന്നിവരുടെ പിന്തുണയോടെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുമെന്ന് ഭൂസെ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള 2.5 ലക്ഷത്തിലധികം മുന്‍ സൈനികരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. രാജ്യത്തോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാനും ശാരീരിക വ്യായാമം, അച്ചടക്കമുള്ള ജീവിതം തുടങ്ങിയ ദൈനംദിന ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.