ഇടുക്കി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എംഎൽഎ എ രാജയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണംചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിൽ എം.എൽ.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു. പട്ടികജാതി സംവരണത്തിന് രാജയ്ക്ക് എല്ലാ അർഹതയും ഉണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ജഡ്ജിമാരായ എ അമാനുള്ള, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് ജയം ശരിവെച്ചത്.
തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തൻ്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പ് കുടിയേറിയതിനാൽ തമിഴ് നാട്ടിലെ സംവരണത്തിന് ഉണ്ടായിരുന്ന അർഹത കേരളത്തിലും ഇവർക്ക് ഉണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ വാദിച്ചു. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയായിരുന്നു ഹൈക്കോടതി വിധി. തന്റെ പൂർവ്വികർ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നുമായിരുന്നു എ രാജയുടെ വാദം. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലെ ആക്ഷേപം. ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹർജി നൽകിയത്.