ആർക്കെങ്കിലും സങ്കടം ഉണ്ടായെങ്കിൽ അതിനെ കറക്ട് ചെയ്യാനാണ് റീ എഡിറ്റ് ചെയ്തത്, അതാരുടേയും സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ കഥയറിയാമെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ സിനിമ നിര്‍മിക്കണമെന്നത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം തീർച്ചയായുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
24 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയെന്നും വാർത്തകൾ വരുന്നുണ്ട്. ഇന്ന് വൈകിട്ട് മുതൽ പുതിയ പ്രിൻറ് തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.