കാലാകാലങ്ങളിൽ മാർഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടിൽ ദിക്കറിയാതെ ഉഴറുമ്പോൾ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാർ. അവർക്ക് അർഹമായ മാന്യസ്ഥാനവും നമ്മൾ നൽകാറുണ്ട്. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈനിനെപറ്റി പ്രതിപാദിക്കുമ്പോൾ ശ്രീ. കാരൂർ സോമൻ അതിൻ്റെ അവിഭാജ്യ ഘടകമായി കടന്നുവരുന്നു. സങ്കുചിത താല്‌പര്യമുള്ള സാഹിത്യ സമകാലിക ജീവിതത്തിൽ കാരൂർ എൻ്റെ ഗുരുസ്ഥാനീയൻ മാത്രമല്ല വഴിവിളക്കും മാർഗ്ഗദർശിയു മാണ്.
മലയാളത്തിലെ പല പുസ്‌തകങ്ങൾ വായിക്കുന്നതിനിടയിൽ എൻ.ബി. എസിൽ നിന്ന് സാഹിത്യകാരനായ കാരൂരിന്റെ നോവലുകളും ഓണപതിപ്പുകൾ, വിദേശ മാധ്യമങ്ങളിൽ വന്നതൊക്കെ കുറെ വായിച്ചിട്ടുണ്ട്. ഇന്നും മനസ്സിലുള്ളത് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ‘കാണാപ്പുറങ്ങൾ’ എന്ന ചരിത്ര നോവലാണ്. ബ്രിട്ടീഷ് ഇന്ത്യൻ മൂന്ന് തലമുറകളുടെ ജീവിതവും അതിലെ നാവികരായിരുന്ന ആൻ്റണി, അലി ഓർമ്മയിലുള്ള പ്രമുഖ കഥാപാത്രങ്ങളാണ്. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച എൻ്റെ കഥാസമാഹാരം ‘നൊമ്പരച്ചിന്തുകൾ’ക്ക് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യപുര സ്ക്‌കാരം ലഭിച്ചപ്പോഴാണ്. അതിന്റെ പ്രസിഡൻ്റ് സണ്ണി പത്തനംതിട്ടയെ നന്ദിപൂർവ്വം സ്‌മരിക്കുന്നു. തുടർന്നുള്ള നാളുകളിൽ നവാഗതയായ എൻ്റെ കഥ, കവിത തുടങ്ങിയ എഴുത്തുകൾക്ക് വ്യക്തവും കൃത്യവുമായ നിർദ്ദേശങ്ങൾ കാരൂർ തന്നതുകൊണ്ട് എൻ്റെ എഴുത്തുകൾക്ക് സമൂലമായ ഒരു അടിമുടി മാറ്റത്തിന് വഴി തെളിഞ്ഞു. എഴുത്തിൽ കാരൂർ മറ്റുള്ളവരോട് കാട്ടുന്ന ആത്മാർത്ഥത, ആർദ്രത, സ്നേഹം എനിക്ക് മറ്റാരിലും കാണാൻ സാധിച്ചിട്ടില്ല. ഇത് മറ്റ് എഴുത്തുകാരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഒരു മികച്ച സാഹിത്യ ശില്പശാലയിൽ ഇരിക്കുന്നതുപോലെയാണ് കാരൂർ നൽകുന്ന ശബ്‌ദ സന്ദേശ ശകാര ഉപദേശങ്ങൾ. അവിടെ ആരുടേയും മുഖം നോക്കാറില്ല. ഇങ്ങനെ എഴുത്തു് രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നവർ ചുരുക്ക മാണ്. യാത്രകൾക്കിടയിലും സഹ എഴുത്തുകാരോട് കാട്ടുന്ന സഹാനുഭുതി പ്രശംസനീയമാണ്. സാഹിത്യ രംഗത്ത് തന്നെ വളർത്തിയ ഗുരുനാഥന്മാരായ കെ.പി.എസ്. മേനോൻ, തകഴി, തിരുനല്ലൂർ കരുണാകരൻ, തോപ്പിൽ ഭാസി, ഡോ. കെ.എം. ജോർജ്ജ്, പി. വത്സല, ചെമ്മനം ചാക്കോ തുടങ്ങി പലരുടെയും, ഇന്ന് ജീവിച്ചിരിക്കുന്ന പല പേരുകളും ആത്മകഥയിൽ പറയുന്നുണ്ട്. അവരുടെ ആത്മാവായിരിക്കും കാരൂരിൽ കുടികൊള്ളുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരൂരിൻ്റെ എഴുത്തുകൾ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു അമിത പ്രണയം ഭാഷയോട്, സമൂഹത്തോട് കാണാറുണ്ട്. ലോകഭൂപടത്തിൽ ധാരാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ലോകസഞ്ചാരിയായ കാരൂർ പത്തിലധികം വിദേശ യാത്രാ വിവരണങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. കേരളമടക്കം ലോകമെങ്ങും എഴുതുന്ന, മലയാളം ഇംഗ്ലീഷ് രംഗങ്ങളിൽ പ്രവാസ ലോകത്തിരുന്ന് കൊണ്ട് ഒരു ഡസനോളം വൈവിദ്ധ്യമാർന്ന അറുപത്തിയെട്ട് പുസ്‌തകങ്ങൾ എഴുതിയ മറ്റൊരു പ്രവാസ എഴുത്തുകാരനില്ല. 1985- മുതൽ 2024 വരെയുള്ള എല്ലാം പുസ്‌തകങ്ങളുടെ ആദ്യ അക്ഷരം ‘ക’ എന്ന അക്ഷരത്തിൽ ലോകത്തു് മറ്റൊരു എഴുത്തുകാരനുണ്ടോ എന്നതും കൗതുകം ജനിപ്പിക്കുന്നു. മലബാർ എ ഫ്ളൈയിം എന്ന ഇംഗ്ലീഷ് നോവൽ ആമസോൺ ബെസ്റ്റ് സെല്ലെർ നോവലാണ്. ഇതിൻ്റെ ബുക്ക് റിവ്യൂ വേൾഡ് ജേർണലിൽ വന്നത് ദീപികയിൽ വായിച്ചതും മലയാളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. ബാലരമയിൽ തുടങ്ങിയ കാരൂരിൻ്റെ വ്യത്യസ്ത മേഖലകളിലെ എഴുത്തുകളെപ്പറ്റി പ്രവാസ ലോകത്തു് നിന്ന് ആദ്യമായി ഡോ. മുഞ്ഞിനാട് പത്മകുമാർ എഴുതിയ ‘കാലത്തിന്റെ എഴുത്തകങ്ങൾ‘ ആധികാരികമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ സാഹിത്യ പഠന ഗ്രന്ഥമാണ്. ലിമ ലൈബ്രറിയടക്കം ഇപ്പോഴും പല വിദേശ മാധ്യമങ്ങളിൽ അത് വന്നുകൊണ്ടിരിക്കുന്നു.
കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്ന് കാരൂരിൻ്റെ ആത്മകഥ ‘കഥാകാരൻ്റെ കനൽ വഴികൾ” (പ്രഭാത് ബുക്ക്‌സ്). വായിക്കാനിടയായി. ഈ ആത്മകഥയെപ്പറ്റി സജീന ടീച്ചർ ജന്മഭൂമിയിൽ ‘കനൽവഴിയിലെ വെളിച്ച പ്പാട് ‘ എന്ന പേരിൽ പുസ്‌തകാസ്വാദനമെഴുതിയത് മുൻപ് വായിച്ചിരുന്നു. അതിൽ വാവിട്ടു കരയുന്ന ഒരമ്മയുടെ നിലവിളി കണ്ട് സ്വന്തം കിഡ്‌നി ഒരു പഞ്ചാബിക്ക് കൊടുത്തതും അത് മറ്റാരും അറിയരുതെന്ന് സി.എം.സിയിലെ നേഴ്‌സ് സാറാമ്മയോട് പറയുന്നത് എന്നിലും നൊമ്പരമുണ്ടാക്കി. ആ പറഞ്ഞതിന്റെ കാരണം ഇനിയുമുള്ള ഒരു കിഡ്‌നി ആരും ചോദിക്കരുതെന്നുള്ള അപേക്ഷയാണ്. ഞാൻ ചിന്തിച്ചത് ഇങ്ങനെ ആരുമറിയാതെ സ്വന്തം കിഡ്‌നി ദാനം ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ടോ? ഇന്ന് കിഡ്‌നി ദാനം ചെയ്യുന്നവർ സോഷ്യൽ മീഡിയ തരംഗമാണ്. കാരൂർ സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും ഒരു കെടാത്ത വിളക്കെന്ന് അതിലൂടെ മനസ്സിലാക്കി. ഒരു സിനിമപോലെ ചെറുപ്പം മുതലുള്ള തീഷ്‌ണാനുഭവങ്ങൾ തീച്ചൂളയിലുരുക്കി ഹൃദയത്തിലേക്ക് പകരുന്ന വായനാനുഭവമാണ് ആത്മകഥ വായിച്ചപ്പോൾ അനുഭവപ്പെട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവു, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാഹിത്യ പ്രമുഖരിൽ നിന്ന് കാരൂർ ധാരാളം പുരസ്‌കാരങ്ങൾ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ടോ അപ്രിയ സത്യങ്ങൾ തുറന്നെഴുതുന്നകൊണ്ടാകണം കേരളത്തിലെ പ്രമുഖ പുരസ്‌കാരങ്ങളിൽ നിന്ന് കാരൂരിനെ ഒഴുവാക്കുന്നതും അതിലൂടെ ശത്രുക്കളുടെ എണ്ണം പെരുകാൻ കാരണമെന്നും പലപ്പോഴും തോന്നാറുണ്ട്.
കഥാകാരന്റെ കനൽ വഴികളിലെ പേജ് 219 – ൽ ഭാഷയ്ക്ക് ചെയ്‌തിട്ടുള്ള സേവനങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഡൽഹിയിൽ ജോലി ചെയ്യുന്ന കാലം 1985- ൽ ‘മലയാളം’ എന്ന മാസിക ഗുരുനാഥനായ പണ്ഡിത കവി കെ.കെ. പണിക്കരുടെ നേതൃത്വത്തിൽ പുറത്തിറക്കി. 2005-ൽ യൂറോപ്പിൽ നിന്നാദ്യമായി ലണ്ടനിൽ നിന്ന് കാക്കനാടൻ ചീഫ് എഡിറ്റർ ആയി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. 2020- ലാണ് ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ. പി.ആമസോൺ പ്രസാധനം ലണ്ടനിൽ നിന്ന് ആരംഭിച്ചത്. ലിമ ലൈബ്രറിയുടെ ആരംഭ കാലം മുതൽ ഞാൻ സഞ്ചരിക്കുന്നത് ലിമ ലൈബ്രറിക്കൊപ്പമാണ്. അതിൻ്റെ പ്രധാന കാരണം കാരൂർ എന്ന സർഗ്ഗ പ്രതിഭയും അദ്ദേഹം സഹഎഴുത്തുകാർക്ക് കൊടുക്കുന്ന പ്രോത്സാഹനവുമാണ്. ലിമയുടെ ലക്ഷ്യ ഉദ്ദേശം ഞാൻ മനസ്സിലാക്കിയത് ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്‌മ, എഴുത്തുകാർക്കുള്ള പ്രോത്സാഹനം, എഴുത്തുകാരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക തുടങ്ങിയ ഭാഷാ സാംസ്‌കാരിക സേവനങ്ങളാണ്. ഇന്ന് ഗൂഗിളിൽ നിന്ന് കടമെടുത്തു് കഥ, കവിത ഉല്‌പാദിപ്പിക്കുന്ന ചുവരെഴുത്തുകാരോട് കാരൂർ ആവശ്യപ്പെടുന്നത് കേരളത്തിലെ ഓണപതിപ്പിലൂടെ എഴുതി വരാനാണ്. ലിമ ലൈബ്രറിക്കൊപ്പം കെ.പി. ആമസോൺ പബ്ലിക്കേഷൻ ലോകവ്യാപകമായി മലയാളം ഇംഗ്ലീഷ് പുസ്‌തകങ്ങൾ പ്രസിദ്ധികരിക്കാൻ തുടങ്ങി. എന്റെ ‘ത്രികോണം’ കഥകൾ, കിളിക്കൂട് ബാലകഥകൾ പ്രസിദ്ധികരിച്ചത് കെ.പി. ആമസോൺ പബ്ലിക്കേഷൻ വഴിയാണ്. അതിന് അവതാരിക എഴുതിയതും അദ്ദേഹമാണ്. അൻപത് പേജസുള്ള പുസ്‌കത്തിന് അയ്യായിരം രൂപയിൽ കൂടുതൽ ചിലവില്ല. കാരൂർ ഇത് തുടങ്ങിയത് കമ്മീഷൻ എടുക്കാനോ ലാഭമുണ്ടാക്കാനോ അല്ല. എൻ്റെ പുസ്‌തകമിറക്കുമ്പോൾ ഞാൻ അദ്ദേഹവുമായി പങ്കുവെച്ചത് കേരളത്തിലെ പ്രസാധകരാൽ എഴുത്തുകാർ കാലാകാലങ്ങളിലായി ചൂഷണം ചെയ്യുന്നു. ചെറുകിട പ്രസാധകർ ഈ രംഗത്ത് പല തന്ത്രങ്ങളിലൂടെ എഴുത്തുകാരെ ചതിക്കുഴികളിൽ വീഴ്ത്തുന്നു. ആമസോൺ എഴുത്തുകാർക്ക് കൊടുക്കുന്നത് 70% റോയൽറ്റിയാണ്. കേരളത്തിൽ തനിക്കുപോലും പ്രമുഖ പ്രസാധകർ തന്നിട്ടുള്ളത് 100 രൂപ വിലയുള്ള പുസ്‌തകത്തിന് 10% റോയൽറ്റിയാണ്. തൊണ്ണൂറ് രൂപ അടിച്ചുമാറ്റുന്നു. ഇത് ചൂഷണമല്ലേ ? കെ.പി. പബ്ലിക്കേഷൻ ഒരു പുസ്‌തകത്തിൽ നിന്നും കമ്മിഷൻ എടുത്തതായി അറിവില്ല. എൻ്റെ പുസ്‌തകത്തിൽ നിന്ന് കമ്മിഷൻ തുക ചോദിച്ചിട്ടില്ല. യഥാർത്ഥ സർഗ്ഗ പ്രതിഭകളുടെ ബുദ്ധിമുട്ടുകൾ കാരൂർ മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു നിലപാടുണ്ടായത്. കാരൂർ തുറന്നുപറയുന്ന പലതും സത്യമായി തോന്നാറുണ്ട്. സാഹിത്യ പ്രതിഭകൾ, എഴുത്തുകാർ ഒരു കോണിൽ കിടക്കേണ്ടവരോ മറ്റൊരു കൂട്ടരുടെ അടിമകളായി പദവി, പുരസ്‌കാരത്തിനായി നിലകൊള്ളേണ്ടവരോ അല്ല അതിലുപരി സ്വാതന്ത്രരായി ലോകമെങ്ങും അവരുടെ എഴുത്തുകൾ വായിക്കപ്പെടണമെന്നാണ്.
ലിമ ലൈബ്രറിയെ വ്യത്യസ്‌തമാക്കുന്നത് മറ്റ് മാധ്യമങ്ങൾ കൊടുക്കുന്നതുപോലെ എന്തും ലിമ ലൈബ്രറിയിൽ കൊടുക്കാറില്ല. അത് അവരോടുള്ള അവഗണനയല്ല മറിച്ചു് നിലപാടാണ്. നിലവാരമുള്ള രചനകൾ കൊടുക്കുന്നതുകൊണ്ടാകണം കുറഞ്ഞ കാലംകൊണ്ട് ആഗോള പ്രസിദ്ധ സാഹിത്യ ഓൺലൈനായി ലിമ ലൈബ്രറി മാറിയത്. ലിമ ലൈബ്രറി എഴുത്തുകാർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതാണ് “Writers Box” വിക്കിപീഡിയയെക്കാളുപരിയായി എന്തും ഇതിൽ പോസ്റ്റ് ചെയ്യാം എന്നുള്ളതാണ്. പ്രമുഖരായ പല എഴുത്തുകാരും ഇതിലുണ്ട്. ഇതിന്റെ പ്രേത്യകത എഴുത്തുകാരുടെ കാലശേഷവും ഒരു സ്‌മരണികയായി ഗൂഗിളിൽ എഴുത്തു കൾ ജീവിച്ചിരിക്കുന്നു. ലിമ ലൈബ്രറി ഉപദേശക സമിതിയിലുള്ളത് സി.രാധാകൃഷ്‌ണൻ, ഡോ.ജോർജ്ജ് ഓണക്കൂർ, ചീഫ് എഡിറ്റർ കാരൂർ സോമൻ, സബ് എഡിറ്റർ ഡോ. സുനിത ഗണേശ്, ചീഫ് കറസ്പോണ്ടന്റ് സാബു ശങ്കർ തുടങ്ങിയവരാണ്. ഇതിലെ എഡിറ്റോറിയൽ അംഗങ്ങൾ ആഫ്രിക്കയടക്കം ലോകമെങ്ങുമുള്ളവരാണ്. ഇന്ത്യയിൽ നിന്ന് എനിക്കും അതിലെ അംഗമാകാൻ കഴിഞ്ഞത് സാഹിത്യ രംഗത്തെ വഴിത്തിരിവും ഭാഗ്യവുമായി കരുതുന്നു.
ലിമ ലൈബ്രറി വാട്ട്സാപ് ഗ്രൂപ്പും ലിമ ലൈബ്രറി പോലെ വ്യത്യസ്‌തമാണ്. എന്തും പോസ്റ്റ് ചെയ്യാൻ നിയമാവലി അനുവദിക്കുന്നില്ല. വലുപ്പച്ചെറുപ്പമില്ലാതെ എഴുതിത്തുടങ്ങുന്നവരും എഴുതി തെളിഞ്ഞവരും നല്ല നല്ല സൃഷ്‌ടികളുമായി എത്തുമ്പോൾ അതിലെ തെറ്റ് കുറ്റങ്ങൾ ചൂണ്ടികാണിക്കാൻ, പ്രോത്സാഹനം പകരാൻ ഗ്രൂപ്പിലെ പ്രമുഖ എഴുത്തുകാർ രംഗത്തുണ്ട്. ഗ്രൂപ്പിൽ കവിത, ഗാനാലാപനം, എല്ലാം ദിവസവുമുള്ള പംക്തികൾ, പ്രഭാത ചിന്തകൾ, സാഹിത്യ ക്വിസ് മത്സരങ്ങൾ, പുസ്‌തക ആസ്വാദനം, യു ട്യൂബ് അടക്കമുള്ള വൈജ്ഞാനിക പഠനങ്ങൾ, ആരോഗ്യ കുറിപ്പുകൾ, തൊഴിലവസരങ്ങൾ, സാഹിത്യ സാംസ്‌കാരിക സംബന്ധമായ എന്തും ഗ്രൂപ്പിൽ കൊടുക്കാറുണ്ട്. ലോകമെങ്ങുമുള്ള എഴുത്തുകാർ ഈ ഗ്രൂപ്പിലുള്ളത് ലിമ ലൈബ്രറി ഗ്രൂപ്പിന് ഊർജ്ജം പകരുന്നു. ഗ്രൂപ്പ് അഡ്‌മിൻ അംഗങ്ങളുടെ സജീവ സാന്നിധ്യമാണ് ഗ്രൂപ്പിനെ നയിക്കുന്നത്. അഡ്‌മിൻ അംഗങ്ങളായ മിനി സുരേഷ്, മോഹൻ ദാസ്, ഗോപൻ അമ്പാട്ട്, ഡോ. മായ ഗോപിനാഥ്, മേരി അലക്‌സ് (മണിയ), ജോൺസൻ ഇരിങ്ങോൾ, പ്രൊഫ. കവിത സംഗീത് തുടങ്ങിയവരുടെ കർമ്മനിരതമായ സഹകരണമാണ് ഗ്രൂപ്പിനെ നയിക്കുന്നത്. ലോകമെങ്ങുമുള്ള എഴുത്തുകാർ, ഭാഷാസ്നേഹികൾ ഓരോ രാജ്യ ത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ച് ലിമ ലൈബ്രറിയുടെ കുടകീഴിൽ അണിനിരക്കുന്നു.
ലണ്ടനിൽ നടത്തിക്കൊണ്ടിരുന്ന ലിമ ലൈബ്രറിയുടെ വാർഷിക ഓണാഘോഷ പരിപാടികൾ 2024-ൽ കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടത്താനായതും അഡ്‌മിൻ അംഗങ്ങൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ആ സംഗമത്തിലെത്തിയ സാംസ്‌കാരിക സാഹിത്യ നായകന്മാരായ ഡോ. പോൾ മണലിൽ, തേക്കിൻകാട് ജോസഫ്, പ്രൊഫ. മാടവന ബാലകൃഷ്‌ണപിള്ള തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ കാരൂർ മലയാള ഭാഷയ്ക്ക് ചെയ്തിട്ടുള്ള സേവനങ്ങളെപ്പറ്റിയാണ്. അന്ന് പലരുടേയും പുസ്‌തകങ്ങൾ, ഗോപൻ അമ്പാട്ടിൻ്റെ ഗാന ആൽബവും പ്രകാശനം ചെയ്‌തു. അതിൽ എന്നെ ഏറെ ആകർഷിച്ചത് മേരി അലക്‌സ് (മണിയയ്ക്ക്) ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം ലഭിച്ചതാണ്. സണ്ണി പത്തനംതിട്ട, ശശി ചെറായി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ ഒരു ചാരിറ്റി സംഘടനയെങ്കിലും അതിൽ സാഹിത്യ മത്സരങ്ങൾ ഏർപ്പെടുത്തിയത് അതിൻ്റെ സ്ഥാപകൻ കൂടിയായ ശ്രീ. കാരൂർ സോമനാണ്. ചുരുക്കി പറഞ്ഞാൽ ലിമ ലൈബ്രറിയുടെ പിറവിക്കും വളർച്ചയ്ക്കും നമ്മുടെ ചിറകുകൾക്ക് ശക്തി പകർന്നു തരുന്നതും ധനവും സമയവും നോക്കാതെ ഭാഷാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിൽ പ്രവാസിയായ കാരൂർ സോമന്റെ പങ്ക് വലുതാണ് ആരൊക്കെ എത്ര ഇകഴ്ത്തി കാണിച്ചാലും അദ്ദേഹം സാഹിത്യ നഭസ്സിലെ തിളക്കമെന്ന് പ്രശസ്‌ത സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ, കെ.എൽ. മോഹനവർമ്മ, സിപ്പി പള്ളിപ്പുറം, ഫ്രാൻസിസ് ടി. മാവേലിക്കര, ഡോ. ചേരാവള്ളി ശശി തുടങ്ങിയവർ കാരൂരിൻ്റെ ഡോക്യുമെൻ്ററി ഫിലിമിൽ അടിവരയിട്ട് പറയുന്നുണ്ട്. കാരൂർ സാറിനും ലിമ ലൈബ്രറിയിലെ എല്ലാം അംഗങ്ങൾക്കും എന്റെ നന്ദി.
മിനി സുരേഷ്