വാഷിങ്ടണ്‍: എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം. ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്നും യു.എസ് പ്രസിഡന്‍റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റഷ്യയിൽ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. “പാക്കിസ്ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.” – ട്രംപ് കുറിച്ചു.
അമേരിക്കയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും തീരുവ കുറയ്ക്കാൻ അവർ യുഎസിന് മുൻപിൽ പല വാഗ്ദാനങ്ങളും വയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വൻതോതിൽ കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ സുഹൃത്താണെങ്കിലും അവർ ലോകത്തെ ഏറ്റവും ഉയർന്ന തീരുവകളാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ മുന്നറിയിപ്പ് തള്ളുകയാണ് ഇന്ത്യ. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുഎസുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ടെന്നാണ് വിഷയത്തിൽ കേന്ദ്രസർക്കാർ പറയുന്നത്. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിൽ തട്ടി ഇത് വഴിമുട്ടിയതോടെയാണ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത്. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന് ഉന്നത വ്യത്തങ്ങൾ പറഞ്ഞു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും. മേഖലയിലെ പല രാജ്യങ്ങൾക്കും ട്രംപ് പ്രഖ്യാപിച്ച തീരുവയെക്കാൾ കൂടുതലാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്.