സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മസ്ക് പ്രതികരിച്ചത്. തിങ്കളാഴ്ച ‘എക്‌സ്’ (ട്വിറ്റർ) വലിയ സൈബർ ആക്രമണം നേരിട്ടതിനെ തുടർന്നാണു പ്രവർത്തനം മുടങ്ങിയതെന്നും ഇതിനുപിന്നിൽ സംഘടിതശക്തി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചത്. ‘‘എക്‌സിനെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായി, ഇപ്പോഴുമുണ്ട്. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്തത്. ഒന്നുകിൽ വലിയ, ഏകോപിത സംഘം അല്ലെങ്കിൽ ഒരു രാജ്യം ഇതിനു പിന്നിലുണ്ട് . കാരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്..’’– മസ്ക് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. സംഭവത്തോടുകൂടി പ്ലാറ്റ്ഫോമിന്‍റെ സുരക്ഷ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് മസ്ക് പറഞ്ഞു. 2022-ലാണ് 44 ബില്യൻ ഡോളറിനു എക്‌സിനെ മസ്ക് സ്വന്തമാക്കിയത്.