ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യപടിയായി ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇവരെ കരമാർഗമോ, വ്യോമ മാർഗമോ നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു.
ജോർദാൻ, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലെ ടെഹ്റാനിൽ നിന്ന് ക്വോമ നഗരത്തിലേക്ക് മാറ്റിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും തുടങ്ങി. ഇതിന്റെ ഭാഗമായി ഇവരെ മഷ്ഹദിൽ എത്തിച്ചു. തുർക്ക്മെനിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഇറാനിൽ നിന്നൊഴിപ്പിച്ച ആദ്യ ബാച്ച് വിദ്യാത്ഥി സംഘം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇൻഡിഗോ വിമാനം എത്തിയത്.
ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.