Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ
ഇസ്രയേൽ - ഇറാൻ സംഘർഷം

ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ

by Editor

ടെൽ അവീവ്: ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാന്‍ ഇന്ന് പുലർച്ചെ മിസൈല്‍ ആക്രമണം നടത്തി. നഗരത്തിലെ കെട്ടിടത്തിലേക്ക് മിസൈല്‍ പതിച്ച് ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ചാവുകടലിനു മുകളിലൂടെയെത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തവയിൽ ഉൾപ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.

അതേസമയം ഇറാന്റെ മിസൈല്‍ ലോഞ്ചുകള്‍ ഇസ്രയേലും തകര്‍ത്തു. ഇറാന്റെ മിസൈല്‍ വിക്ഷേപണ പ്ലാറ്റ്‌ഫോമില്‍ ബോംബാക്രമണം നടത്തിയെന്നും കമാന്‍ഡറെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. മിസൈലാക്രമണം നടത്താനിരുന്ന കമാന്‍ഡറെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. കൂടാതെ വടക്കന്‍ ഇറാനിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഇസ്രയേല്‍ ആക്രമണം നടത്തി. പ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നൽകിയ ശേഷമായിരുന്നു ആക്രമണം. ഇന്നലെ രാത്രി അറുപതോളം ഇസ്രായേൽ ജെറ്റുകൾ ഇറാനിൽ ആക്രമണം നടത്തിയതായാണ് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇറാൻ കഴിഞ്ഞ ദിവസം പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പല സ്ഥാനങ്ങളിൽ പതിച്ചു സ്ഫോടനം ഉണ്ടാക്കും. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2008-ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.

വ്യാഴാഴ്ചത്തെ ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 270 പേർക്കാണ് പരുക്കേറ്റത്. ബേർശേബാ ആശുപത്രിയിൽ 71 പേർക്ക് പരുക്കേറ്റു.

ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ചർച്ച നടത്തും. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയിൽ വെച്ചാണ് ചർച്ച. ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരുന്ന കാര്യത്തിൽ തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കും. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് യോഗമെങ്കിലും യുഎസ് പ്രതിനിധികൾ പങ്കെടുക്കില്ല. ഈ ചർച്ചയുടെ ഫലമെന്തായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ആണവ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇറാൻ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമായിരിക്കും.

ആക്രമണത്തിൽ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച അമേരിക്ക തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി പലതവണ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നാണ് വിവരം. എന്നാൽ നേരിട്ട് ഇടപെടാൻ രാജ്യങ്ങൾ മടിച്ചുനിൽക്കുമ്പോഴാണ് ഇറാനെതിരായ യുദ്ധത്തിൽ ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുമെന്ന് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്.

ഭൂമിക്കടിയിലെ ഇറാന്‍റെ ആണവ നിലയങ്ങളെ തകർക്കാൻ ഇസ്രയേൽ തേടുന്നത് ബങ്കർ ബസ്റ്റർ എന്ന ബോംബുകളാണ്. അമേരിക്ക യുദ്ധത്തിന് ഇറങ്ങണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നതിനും കാരണം അതാണ്. ഇറാനിലെ ഫോർദോ പോലുള്ള ആണവ നിലയങ്ങളെയും ആയുധ സംഭരണ ശാലകളെയും തകർക്കാനാണ് ഇസ്രയേൽ ബങ്കർ ബസ്റ്റർ ആവശ്യപ്പെടുന്നത്. ആണവ പരീക്ഷണങ്ങൾക്കായി ഇറാൻ വൻതോതിൽ യുറേനിയം സംഭരിച്ചിട്ടുള്ളത് ഫോർദോ ആണവ നിലയത്തിലാണെന്നാണ് വിലയിരുത്തൽ.

അമേരിക്കയുടെ കൈവശമുള്ള ജിബിയു 57 എന്ന മാസീവ് ഓർഡൻസ് പെനിട്രേറ്റർ (എംഒപി) ആണ് ഫോർദോ തകർക്കാൻ ഇസ്രയേൽ തേടുന്ന ആയുധം. ഭൂമിക്കടിയിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി എത്താൻ കഴിയുന്ന ആയുധമാണിത്. ബി2 സ്റ്റെൽത്ത് ബോംബർ വിമാനത്തിനേ ഈ ബോംബ് വഹിച്ച് പറക്കാനാവൂ. നിലവിൽ ഇസ്രയേലിന്‍റെ പക്കൽ അത്തരം ആയുധങ്ങളോ യുദ്ധ വിമാനങ്ങളോ ഇല്ല. എഫ്-15 പോലുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുക്കുന്ന ജിബിയു 28, ബിഎൽയു 109 എന്നിവയുൾപ്പെടെയുള്ള യുഎസ് നിർമ്മിത ബങ്കർ ബസ്റ്ററുകൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. ഈ ആയുധങ്ങൾക്ക് ഭൂമിക്കടിയിലേക്ക് ആഴത്തിൽ പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഫോർദോ പോലുള്ള ആണവ നിലയങ്ങൾ ലക്ഷ്യം വെയ്ക്കാൻ നിലവിൽ ഇസ്രയേലിന് കഴിയുന്നില്ല. അതുകൊണ്ടാണ് അമേരിക്ക യുദ്ധത്തിൽ ഇടപെടണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നത്.

ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.

Send your news and Advertisements

You may also like

error: Content is protected !!