ടെൽ അവിവ്: ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്‌ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്‌ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്‌പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്നലെ ടെഹ്റാനിലെ 80-ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെയുള്ള ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണിതെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളായ ടെഹ്റാനിലെ മെഹ്റാബാദ്, കാരജ്, ഇമാം ഖൊമെനി എന്നിവിടങ്ങളും ആക്രമിക്കപ്പെട്ടു. ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ഇറാനിൽ മരണം 200 കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1000 ത്തോളം പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടു.
അതിനിടെ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധത അറിയിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പിൽ എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം ആണവ റിയാക്ടറുകൾക്ക് സമീപം താമസിക്കുന്ന ഇറാൻ പൗരന്മാരോട് ഒഴിയാൻ ഇസ്രയേൽ നിർദശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളിൽ ഇസ്രയേലിൽ ഇതുവരെ 14 മരണം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ് (IDF) അറിയിച്ചു. ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇറാന്‍റെ ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ വരുന്നു. നാല് പേർക്ക് പരുക്കേറ്റെതായാണ് റിപ്പോർട്ട്. ഇറാന് മിന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നു. “സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ ഇറാൻ കനത്ത വില നൽകേണ്ടിവരും. ഇസ്രയേലിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ് ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചത്. ഇറാൻ്റെ ഭീഷണി ഇല്ലാതാക്കാൻ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷൻ തുടരും” – എന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരവെ സമാധാനം പുനഃസ്ഥാപിക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും സോഷ്യൽ മീഡിയയിൽ കുറിച്ചു. ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പറഞ്ഞു. ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. അത് ഉണ്ടാക്കും എന്നാണ് ട്രംപ് കുറിച്ചത്. മുന്‍പ് ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീല്‍ ഉണ്ടാക്കാന്‍ തന്റെ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന അവകാശവാദത്തോടെയാണ് ട്രംപ് ഇക്കാര്യം പറയുന്നത്. തന്റെ നേതൃത്വത്തില്‍ സെര്‍ബിയ-കൊസോവോ സംഘര്‍ഷം അവസാനിപ്പിച്ചെന്നും ട്രംപ് പറയുന്നു. നൈല്‍ നദീജല തര്‍ക്കത്തില്‍ ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.