ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കാട്ടുതീ നഗരത്തിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. തീപടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അടിയന്തരഘട്ടങ്ങളിൽ സജ്ജമായിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയച്ചു.
ഇസ്രയേൽ പൊലീസിനെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകളെയും സഹായിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഹോം ഫ്രണ്ട് കമാൻഡ്, വ്യോമസേന, ഐഡിഎഫ് തുടങ്ങിയവയോട് ഉത്തരവിട്ടതായി സൈനിക മേധാവി പറഞ്ഞു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നായാണ് അധികാരികൾ ഇതിനെ വിലയിരുത്തുന്നത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ വേഗത്തിൽ പടർന്ന് പിടിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.