തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിനു സമീപം ഷഹീദ് റജയി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സ്ഫോടനത്തിൽ 800 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
തുറമുഖത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശമാണ് ഉണ്ടായത്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ഖര ഇന്ധനം കൈകാര്യം ചെയ്ത രീതിയിലെ പിഴവാണ് തീപിടുത്തത്തിന് കാരണമെന്ന് ആംബ്രെ ഇന്റലിജൻസ് പറഞ്ഞു. ഇറാനിലെ ഏറ്റവും വലുതും നൂതനവുമായ ടെർമിനലാണ് ഷഹീദ് റജയി തുറമുഖം. രാജ്യത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്റെ ഭൂരിഭാഗവും ഷഹീദ് റജയി തുറമുഖം വഴിയാണ് നടക്കുന്നത്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി തുറമുഖത്തുണ്ടായ സ്ഫോടനത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ്റെ ദേശീയ എണ്ണ ഉൽപാദന കമ്പനി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം.