വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു.
ഭൂഗർഭകേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബോംബുകൾ വഹിക്കാനാണ് ബി2 ബോംബർ ഉപയോഗിക്കുന്നത്. ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ബി2 ബോംബറുകൾ ഉപയോഗിക്കാനാണ് ഇസ്രയേൽ യുഎസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ 2 ആഴ്ച കഴിഞ്ഞ് തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.
ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടരുകയാണ്. പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ഇറാനിയൻ നാവിക താവളത്തിലെ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിച്ചതായി ഐഡിഎഫ് ശനിയാഴ്ച രാത്രി അറിയിച്ചു. തെക്കൻ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലുകളെ ഇസ്രായേൽ വ്യോമസേന ലക്ഷ്യമിടുന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇറാൻ്റെ ഇസ്‌ഫാഹാൻ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അൻപതോളം യുദ്ധ വിമാനങ്ങൾ അണിനിരന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) പറഞ്ഞു. ആണവ കേന്ദ്രത്തിന് നേർക്കുള്ള ആക്രമണം അപകടകരമായ സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്ന് ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക പങ്ക് വഹിക്കുന്ന കേന്ദ്രമാണ് ഇസ്‌ഫാഹാൻ. യുറേനിയം സമ്പുഷ്‌ടീകരണ സൗകര്യവും ആണവ ഇന്ധന ഉൽപാദന കേന്ദ്രവും ഇസ്‌ഫാഹാനിലുണ്ട്. ഇസ്ഫാഹാനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണപദ്ധതി വിജയിച്ചതായി ഇസ്രയേലി ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പ്രതികരിച്ചു. ഇസ്‌ഫഹാൻ കൂടാതെ മറ്റു ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെ 2.40 ഓടെ മധ്യ ഇസ്രയേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തി. ടെൽ അവീവിനും സമീപ പ്രദേശങ്ങളിലുമായി അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. എല്ലാ മിസൈലുകളും ഇസ്രയേൽ വ്യോമപ്രതിരോധം തടഞ്ഞു. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
അതിനിടെ രണ്ട് റെല്യൂഷണറി ഗാർഡ്‌സ് കമാൻഡർമാരെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിലെ ആക്രമണങ്ങളുടെ സൂത്രധാരനായ സയീദ് ഇസാദിയും, ബെഹ്‌നാം ഷഹ്‌രിയാരിയുമാണ് കൊല്ലപ്പെട്ടത്. “ഇസ്രയേൽ ഇന്റലിജൻസിന്റെയും വ്യോമസേനയുടെയും വലിയ നേട്ടം” എന്നാണ് സയീദ് ഇസാദിയുടെ മരണത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വിശേഷിപ്പിച്ചത്. ഇറാനിയൻ നഗരമായ ഖുമിലെ അപ്പാർട്ട്മെന്റ്റിൽ നടന്ന ആക്രമണത്തിൽ ആണ് സയീദ് ഇസാദിയെ വധിച്ചത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തിൻ്റെ സൂത്രധാരനാണ് സയീദ് ഇസാദി. ഹമാസിന് ധനസഹായവും ആയുധവും നൽകിയത് ഇസാദി ആണെന്ന് കാറ്റ്സിന്റെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മറ്റൊരു ആക്രമണത്തിലാണ് ഐആർജിസി ഖുദ്സ് ഫോഴ്സ് യൂണിറ്റ് 190ന്റെ കമാൻഡറായ ബെഹ്‌നാം ഷഹ്‌രിയാരി കൊല്ലപ്പെട്ടത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികൾ എന്നിവയ്ക്ക് രഹസ്യമായി ആയുധങ്ങൾ കൈമാറിയിരുന്നത് ഷഹ്‌രിയാരിയുടെ നേതൃത്വത്തിലുള്ള ഖുദ്‌സ് ഫോഴ്സ് യൂണിറ്റ് 190 ആണ്.