കൊച്ചി: അമേരിക്കക്കുള്ള ഇറാന്‍റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’ ഓപ്പറേഷൻ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രയേയും പ്രതിസന്ധിയിലാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചിട്ടതോടെ അങ്ങോട്ടുമിങ്ങോട്ടും പറക്കാനെത്തിയ യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി വ്യോമപാത അടച്ചതോടെ ആഗോളതലത്തിൽ വ്യോമഗതാഗതം താറുമാറായിട്ടുണ്ട്. ആദ്യം തന്നെ ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടയ്ക്കുകയായിരുന്നു.
ഇത് കേരളത്തെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിക്കിടക്കുകയാണ്.
ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി.
ദോഹയിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഖത്തർ വിമാനങ്ങളിലൊന്ന് നേരത്തേ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചത്. നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കൻ തീരത്തേക്കും തിരിച്ചുമുള്ള സർവീസുകളും എയർലൈൻ നിർത്തിവച്ചു.
അതിനിടെ, ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി.