ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തന്റെ പിൻഗാമിയായി മൂന്ന് പേരെ നാമനിർദേശം ചെയ്‌തതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് പേരുകളിൽ നിന്ന് ഉചിതമായ വ്യക്‌തിയെ കണ്ടെത്താൻ വേഗത്തിൽ നടപടിയെടുക്കാൻ നിർദേശിച്ചതായാണ് റിപ്പോർട്ട്.
ഖൊമേനിയുടെ രണ്ടാമത്തെ മകൻ മൊജ്‌താബ ഖൊമേനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയിൽ മൊജ്‌താബയുടെ പേര് ഉൾപ്പെടുന്നില്ലെന്നാണ് സൂചന. ഇസ്രയേൽ അല്ലെങ്കിൽ യു.എസ് തന്നെ വധിക്കാൻ സാധ്യതയുണ്ടെന്നും അത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ താൻ രക്തസാക്ഷിത്വം വരിച്ചതായി കരുതുമെന്നും ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും. നീണ്ടുനിൽക്കുന്ന ചർച്ചകൾക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക. എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദേശം. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏത് വിധേനയും സംരക്ഷിക്കുകയാണ് ഖൊമേനിയുടെ ലക്ഷ്യം. ഭരണമാറ്റം ഉണ്ടാകരുതെന്ന് അദേഹം ആഗ്രഹിക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ.
ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് പകരം പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ ഖൊമേനി ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇറാനിൽ 657 മരണം, ഇസ്രയേലിൽ 25; ഇറാൻ-യൂറോപ്യൻ യൂണിയൻ ചർച്ച കൊണ്ട് കാര്യമില്ലെന്ന് ട്രംപ്.