വാഷിംഗ്‌ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിൽ അമേരിക്ക നടത്തുന്ന ആക്രമണത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ഇസ്രായേലിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിക്ക് പുറത്തു സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
“ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി. നമ്മുടെ മഹത്തായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യവും ലോകത്ത് ഇല്ല,” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഒമ്പതാം രാത്രിയിൽ ആണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്, ഗൾഫ് മേഖലയിലുടനീളമുള്ള യുഎസ് സൈനികർക്കും സൈനിക കേന്ദ്രങ്ങൾക്കുമെതിരെ ഇറാന്റെ പ്രതികാര നടപടികൾ ഉണ്ടാകാൻ ഉള്ള സാധ്യത നിലനിൽക്കുമ്പോൾ ആണ് ആക്രമണം.
ഇസ്രയേൽ – ഇറാൻ സംഘർഷം പത്താം നാളിലേക്ക് കടക്കവെ അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം ഇറാനെതിരെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോയെന്ന് മണിക്കൂറുകൾക്കു മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ നേരിട്ട് പങ്കാളിയാകാൻ ട്രംപ് തീരുമാനിച്ചാൽ വൈകാതെ തന്നെ ബി 2 ബോംബർ വിമാനങ്ങൾ തീ തുപ്പുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്വാസ് പ്രദേശത്തെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ഇസ്രായേലി വ്യോമസേനയുടെ 30 ഓളം യുദ്ധവിമാനങ്ങൾ ശനിയാഴ്ച ആക്രമിച്ചതായി ഐഡിഎഫ് അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിൽ ഉൾപ്പടെ ആക്രമണം നടത്തി. കൂടാതെ മധ്യ ഇറാനിൽ മൂന്ന് ഇറാനിയൻ എഫ് -14 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ നശിപ്പിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.