ജെറുസലേം: ഇറാനുമായുള്ള സംഘർഷം മൂലമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവു മലയിൽ നിന്നും ജെറുസലേം നഗരത്തിലേക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാണ് സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയതെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
ഓശാന ഘോഷയാത്രയ്ക്ക് പകരം നഗരത്തിനായി മറ്റൊരു കേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല പ്രഖ്യാപിച്ചു. “നിലവിലെ സാഹചര്യത്തിൽ വിശുദ്ധ വാരത്തിലെ ശുശ്രൂഷകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുക അസാധ്യമാണ്. മറ്റ് ക്രൈസ്തവ സഭകളുമായി ചേർന്ന് ഈ പുണ്യദിനങ്ങൾ എങ്ങനെ ആഘോഷിക്കാമെന്ന് ആലോചിച്ചുവരികയാണ്”കർദിനാൾ വ്യക്തമാക്കി.
സമീപ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളും ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളും വിശുദ്ധ വാരത്തിലെ തിരുകർമ്മങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എങ്കിലും പാത്രിയാർക്കേറ്റിന് കീഴിലുള്ള ദേവാലയങ്ങൾ തുറന്നിരിക്കുമെന്നും വിശ്വാസികൾക്ക് ആത്മീയമായി പങ്കുചേരാൻ അവസരമൊരുക്കുമെന്നും സഭ ഉറപ്പുനൽകുന്നു. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കർദിനാൾ പറഞ്ഞു. രക്ഷകന്റെ പീഡാനുഭവ സ്മരണകളിലേക്ക് ലോകം പ്രവേശിക്കുന്ന ഈ വേളയിൽ യുദ്ധത്തിൻ്റെ മുറിവുകൾ പേറുന്ന വിശുദ്ധ നാടിനായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് സഭ ആഹ്വാനം ചെയ്തു. പ്രൗഢമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കും ഇത്തവണത്തെ പെസഹാ തിരുകർമ്മങ്ങൾ നടക്കുക.
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചർച്ച് ഓഫ് ദി ഹോളി സെപൽക്കർ (വിശുദ്ധ ശവകുടീര ദേവാലയം) ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് താൽക്കാലികമായി അടച്ചിട്ടുണ്ട്.

