ടെഹ്‌റാൻ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല എന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി അറിയിച്ചു.
ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ കരാറില്ല. എന്നിരുന്നാലും, ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേൽ ഭരണകൂടം അവസാനിപ്പിച്ചാൽ, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും’; മന്ത്രി ‘എക്‌സി’ൽ കുറിച്ചു.
ഇറാനിൽനിന്ന് വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഇറാനുമായുള്ള വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചുചേർത്തു. യോഗം അവസാനിച്ചതിനുശേഷം, പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കാൻ നെതന്യാഹു മന്ത്രിമാരോട് ആവശ്യപ്പെട്ടു.
അതിനിടെ ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. വടക്കൻ ബഗ്ദാദിലെ താജി സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല. ആക്രമണം നടന്നതായി റോയിട്ടേഴ്സും റിപ്പോർട്ടു ചെയ്തു. 2020-ൽ യുഎസ്, ഇറാഖിനു കൈമാറിയ സൈനിക താവളമാണ് ഇത്.
ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇന്നലെ രാത്രി ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 -ന് 14 മിസൈലുകളാണു തൊടുത്തത്. പിന്നാലെ, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് കരാറായെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.