Thursday, October 16, 2025
Mantis Partners Sydney
Home » ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം.
വിദേശകാര്യ മന്ത്രാലയം

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം.

by Editor

ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

അതുകൂടാതെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നി‍ർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392

‘ഇസ്രയേൽ നടപടിയിൽ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തിരിച്ചടി നൽകും’: മുന്നറിയിപ്പുമായി ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!