Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം.
ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം.

ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം.

by Editor

ടെഹ്റാൻ: ഇറാൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ തിങ്കളാഴ്‌ച രാവിലെ ഇറാനിലെ വിവിധ ഭാഗങ്ങളിലുളള ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തി. റൺവേകൾ, ഭൂഗർഭ ബങ്കറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനം, ഇറാനിയൻ ഭരണകൂടത്തിന്റെ എഫ്-14, എഫ്-5, എഎച്ച്-1 എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ എന്നിവയ്ക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഐഡിഎഫ് അറിയിച്ചു.

ഇറാൻ ഭരണകൂടത്തിൻ്റെ സൈനിക ശേഷികൾക്കെതിരായ ആക്രമണങ്ങൾ ഐഡിഎഫ് ശക്തമാക്കുന്നു എന്നാണ് റിപോർട്ടുകൾ. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമ മേധാവിത്വം നിലനിർത്തുന്നതിനും ഇസ്രായേൽ തുടർന്നും പ്രവർത്തിക്കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 950 പേർ മരിച്ചുവെന്നും 3,450 പേർക്കു പരുക്കേറ്റുവെന്നും വാഷിങ്‌ടൻ ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് എന്ന മനുഷ്യാവകാശ സംഘടന. ഇതിൽ 380 പേർ സാധാരണക്കാരാണ്. 253 പേർ സുരക്ഷാ ഉദ്യോഗസ്ഥരും. അതേസമയം, ഇറാൻ്റെ ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് അനുസരിച്ച് മരിച്ചത് 400 പേരാണ്. പരുക്കേറ്റവരുടെ എണ്ണം 3,056.

അതേസമയം ഇന്നലെ ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനാണ് നീക്കമെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് മുന്നറിയിപ്പു നൽകി. ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന് 60 ദിവസം സമയം അനുവദിച്ചിരുന്നുവെന്നും ഇറാന്റെ ആണവപ്ലാന്റുകള്‍ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഇറാനിലെ ഭരണമാറ്റം ആയിരുന്നില്ല ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ ആണവ നീക്കങ്ങളെ തടയുക മാത്രമായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാനിയന്‍ സൈനികര്‍ക്കോ പൗരന്മാര്‍ക്കോ എതിരെയുള്ള ആക്രമണം അമേരിക്ക പദ്ധതിയിട്ടിരുന്നില്ല. ആണവ കേന്ദ്രങ്ങള്‍ കൃത്യമായി തന്നെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവനിലയങ്ങള്‍ നശിപ്പിക്കാന്‍ 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ബി ടു ബോംബര്‍ വിമാനങ്ങളുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകും.

Send your news and Advertisements

You may also like

error: Content is protected !!