മനാമ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഇറാൻ ഗൾഫ് മേഖലകളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും എന്നാണ് സൂചന. തങ്ങളുടെ രാജ്യത്തെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും എന്ന ഭയത്താൽ ബഹ്‌റൈൻ അതീവ ജാഗ്രതയിലാണ്. വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കരുതെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ജീവനക്കാർക്ക് വർക്കം ഫ്രം ഹോം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യയനത്തിനായി ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠനം നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഓഫിസുകളിലെയും സർക്കാർ ഏജൻസികളിലെയും 70 ശതമാനം വരെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതി തുടരുമെന്നും അവർ വ്യക്തമാക്കി.
ആണവ വികിരണ തോത് ഉയർന്നിട്ടില്ലെന്ന് ഗൾഫ് രാജ്യങ്ങൾ
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലോ മറ്റ് അറബ് ഗൾഫ് രാജ്യങ്ങളിലോ റേഡിയോ ആക്ടീവ് ഇഫക്ടുകൾ കണ്ടെത്തിയിട്ടില്ലെന്ന് സൗദി അറേബ്യയിലെ ന്യൂക്ലിയര്‍ റെഗുലേറ്റര്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ് അറിയിച്ചു.
ഗള്‍ഫിലെ റേഡിയേഷന്‍ തോത് നിരീക്ഷിച്ച് വരികയാണെന്ന് ഖത്തര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. റേഡിയേഷന്‍ തോതില്‍ വര്‍ധനവില്ലെന്ന് ഗൾഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റും അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇത് വരെ ആണവ വികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ.