ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം. ഇസ്രയേൽ കൂടുതൽ ആക്രമണം നടത്തുന്നത് ടെഹ്‌റാനിലായതിനാൽ തിങ്കളാഴ്ചതന്നെ ഇന്ത്യക്കാർ ടെഹ്റാൻ വിടണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. തുടർന്ന് അർമേനിയ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണെങ്കിൽ അതിനുവേണ്ട സഹായങ്ങൾ നൽകണമെന്ന് ഇന്ത്യ അർമേനിയയോട് അഭ്യർഥിച്ചിട്ടുണ്ട്. കസാഖിസ്ഥാൻ വഴിയും ഉസ്ബെക്കിസ്ഥാൻ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മൂവായിരത്തോളം വിദ്യാർഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്.
ഇന്ത്യന്‍ പൗരന്മാരുടെ കൂടെ വേറെ വിദേശ പൗരന്മാര്‍ ഉണ്ടാവാന്‍ പാടില്ല എന്ന നിർദേശവും നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്‌താവനയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചുവരുകയാണ്. വിഷയത്തിൽ ഇറാൻ, ഇസ്രയേൽ അധികൃതരുമായി എംബസികൾ നിരന്തരസമ്പർക്കത്തിലാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
വിവരങ്ങൾ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ നമ്പരുകളിലോ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കിലോ ബന്ധപ്പെടണം.
ഇറാനിലെ ടെഹ്റാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ: +989128109115, +989128109109, : consular@indianembassytehran.com. ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ: + 97254-7520711, +97254-3278392, ഇമെയിൽ: cons1.telaviv@mea.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട‌് സെൻ്ററിലെ ഹെൽപ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.