വാഷിങ്ടൺ: താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവര്‍ അവരുടെ നിര്‍ജീവമായ സമ്പദ്വ്യവസ്ഥകളുമായി ഒരുമിച്ച് കൂപ്പുകുത്തട്ടെയെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ രൂക്ഷവിമർശനം.
‘ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മിൽ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്വെദേവിനോട് വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാൾ കൈവെക്കുന്നത്’; ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളുമടക്കം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യക്കുമേല്‍ 25 ശതമാനം തീരുവുയും പിഴച്ചുങ്കവും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവില്‍ വരും.
അതിനിടെ ഇറാനുമായി വ്യാപാരം നടത്തിയതിന് ഇന്ത്യയിൽ നിന്നുള്ള ആറ് കമ്പനികൾ ഉൾപ്പെടെ 20 സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഉപരോധം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറാനിൽ നിന്ന് പെട്രോളിയവും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്കാന് ഉപരോധം. എണ്ണ വിൽപനയിൽ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമർത്താനും ഇറാൻ വിനിയോഗിക്കുന്നുവെന്നതാണ് കാരണം. എക്സിക്യൂട്ടീവ് ഓർഡർ 13846 പ്രകാരമുള്ള അമേരിക്കൻ ഉപരോധങ്ങളുടെ ലംഘനമാണ് ഈ കമ്പനികൾ നടത്തിയിരിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക അറിയിച്ചത്. ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജുപീറ്റർ ഡൈകെം പ്രൈവറ്റ് ലിമിറ്റഡ്, പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്, റാംനിക്ലാൽ എസ് ഗൊസാലിയ ആൻഡ് കമ്പനി, കാഞ്ചൻ പോളിമേഴ്സ് എന്നീ ഇന്ത്യൻ കമ്പനികൾക്കുമേലാണ് യു.എസ് ഉപരോധം. ഉപരോധം നിലവിൽ വരുന്നതോടെ ഈ കമ്പനികളുടെ യു.എസിൽ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവൻ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല, ഈ കമ്പനികളുമായി അമേക്കൻ പൗരന്മാരോ കമ്പനികളോ വ്യാപാരത്തിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.
2024 ജനുവരി മാസത്തിനും ഡിസംബർ മാസത്തിനും ഇടയിൽ ഇറാനിലെ വിവിധ കമ്പനികളിൽ നിന്ന് 84 ദശലക്ഷം ഡോളറിൻ്റെ പെട്രോകെമിക്കൽ ഉൽപന്നങ്ങൾ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ യു.എസ് ആരോപണം. 51 ദശലക്ഷം ഡോളറിൻ്റെ മെഥനോൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ 2024 ജൂലൈക്കും 2025 ജനുവരിക്കുമിടെ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തുവെന്നാണ് ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡിനെതിരേ ആരോപിച്ചിരിക്കുന്നത്. 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 49 ദശലക്ഷം ഡോളറിൻ്റെ മെഥനോളും ടൊളുവിൻ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇറാനിൽ നിന്ന് ജൂപിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് ആ കമ്പനിക്കെതിരായ കുറ്റം. 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 22 ദശലക്ഷത്തിലധികം ഡോളറിൻ്റെ ഉൽപന്നങ്ങൾ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റാംനിക്ലാൽ എസ് ഗൊസാലിയ ആൻഡ് കമ്പനിക്കെതിരേ ആരോപിച്ചിട്ടുള്ളത്. 2024 ഒക്ടോബറിനും 2024 ഡിസംബറിനുമിടെ 14 ദശലക്ഷം ഡോളറിൻ്റെ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യു.എസ് ആരോപിക്കുന്നു. കാഞ്ചൻ പോളിമേഴ്സ് 1.3 ദശലക്ഷം ഡോളറിൻ്റെ ഇറാനിയൻ പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നത്.