ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്‌വാന്‍. ഡി4 ( ഡിറ്റക്ട്, ഡിറ്റര്‍, ഡിസ്ട്രോയ്) ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്‌വാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബെല്‍), സെന്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നത്. തായ്‌വാനെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രകോപനപരമായി നീങ്ങുന്ന ചൈനയുടെ സൈനിക നടപടികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാന്‍ താല്പര്യം കാണിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാൻ നടത്തിയ കൂട്ട ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിര്‍വീര്യമാക്കിയിരുന്നു. പാക്കിസ്ഥാൻ അയച്ച നൂറുകണക്കിന് ഡ്രോണുകള്‍ ഒരെണ്ണം പോലും ഇന്ത്യയില്‍ പതിച്ചില്ല. ഈ സവിശേഷത മനസിലാക്കിയാണ് തായ്‌വാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. പാക്കിസ്ഥാൻ അയച്ച തുര്‍ക്കി നിര്‍മിത ഡ്രോണുകളും കാമിക സി ഡ്രോണുകളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ പതിക്കുന്നത് തടയാന്‍ സഹായിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധാനമാണ് ഡി4.
ഡ്രോണുകളുടെ ഇലക്ട്രോണിക് സംവിധാനത്തെ ശക്തമായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കുകയും അവയുടെ ഗതിനിർണയ സംവിധാനത്തെ തെറ്റിധരിപ്പിക്കുകയും ചെയ്യും. 360 ഡിഗ്രി സുരക്ഷയാണ് ഡി4 സംവിധാനം ഉറപ്പുനൽകുന്നത്. ഇതിന് പുറമെ ഡിആർഡിഒയുടെ കീഴിലുള്ള സെൻ്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസ് ( ചെസ്സ്) വികസിപ്പിച്ച ലേസർ ആയുധത്തിലും തായ്‌വാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.