ചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്‌ത ഹൃദയാരോഗ്യ വിദഗ്‌ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 21 ന് കോട്ടയം സെൻ്റ് പീറ്റേഴ്‌സ് മാർത്തോമ പള്ളിയിൽ. ബീനാ മാത്യുവാണ് ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവർ മക്കളാണ്.
1948 ജനുവരി ആറിന് കോട്ടയം മാങ്ങാനത്ത് ജനിച്ച മാത്യു സാമുവൽ കളരിക്കൽ കോട്ടയം മെഡിക്കൽ കോളജിലെ പഠനത്തിന് ശേഷം ചെന്നൈയിൽ കാർഡിയോളജിയിൽ ഉപരിപഠനവും സ്പെഷ്യലൈസേഷനും നടത്തി. തുടർന്ന് ചെന്നൈ അപ്പോളോ, ലീലാവതി, മുംബൈ സൈഫി, ബ്രീച്ച് കാൻഡി ഹോസ്‌പിറ്റൽ തുടങ്ങിയ പ്രശസ്ത ആശുപത്രികളിൽ അദേഹം സേവനമനുഷ്‌ടിച്ചു.
1986 ൽ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റിയാണ് മാത്യു സാമുവൽ നടത്തിയത്. ശരീരത്തിൽ സ്വാഭാവികമായി ലയിച്ച് ചേരുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌ത ബയോ റിസോർബബിൾ സ്റ്റെൻ്റുകളുടെ ഉപയോഗത്തിന് തുടക്കം കുറിച്ചത് മാത്യു സാമുവലാണ്. ഇലക്ട്രോണിക് ആൽഗോമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയിൽ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റൻ്റും അദേഹം നേടി.
വിവിധ വിദേശ രാജ്യങ്ങളിലെ ഡോക്ടർമാർക്ക് ആൻജിയോപ്ലാസ്റ്റി പരിശീലനം നൽകാൻ അദേഹം നിരവധി യാത്രകളും നടത്തിയിട്ടുണ്ട്. ഡോ. മാത്യു സാമുവലാണ് നാഷണൽ ആൻജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദേഹം ആദരിക്കപ്പെടുന്നത്. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ഏതാനും ദിവസങ്ങൾ മുൻപുവരെ വീൽചെയറിലെത്തി അദ്ദേഹം രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. മരണം വരെയും അത്രത്തോളം കർമനിരതനായിരുന്നു അദ്ദേഹം.