മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം ഇന്ത്യയിലും യാഥാര്‍ഥ്യമാകുകയാണ്. കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും, നമ്മളും ഇത്തരം ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കാണ് ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സഹായത്തോടെ മദ്രാസ് ഐ.ഐ.ടി. 422 മീറ്റര്‍ നീളത്തിലുള്ള ഹൈപ്പര്‍ ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയതായാണ് റിപ്പോര്‍ട്ട്. ഈ ഹൈപ്പര്‍ ലൂപ്പ് ട്രാക്കിലൂടെ വെറും 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉദാഹരണമായി പറഞ്ഞാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മൂന്നാം ഘട്ട പരീക്ഷണവും കൂടി പൂർത്തിയാകുന്നതോടെ വാണിജ്യതലത്തിൽ പദ്ധതി ഏറ്റെടുക്കാൻ റെയിൽവേ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഭാവി ഗതാഗതത്തിന്റെ നവീകരണത്തിന് സർക്കാർ-അക്കാദമിക് സഹകരണം വഴിയൊരുക്കുന്നുവെന്നും ഹൈപ്പര്‍ ലൂപ്പ് ട്രാക്ക് വികസിപ്പിക്കുന്നതിനായി വകയിരുത്തിയിട്ടുള്ള ഫണ്ടിന്റെ ആദ്യ രണ്ടുഘട്ടത്തിലെ ഗ്രാന്റുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും മൂന്നാം ഘട്ട പരീക്ഷണത്തിന് ഒരു മില്യൺ ഡോളർ കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വായുമർദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർ ലൂപ്പ്. താഴ്ന്ന മര്‍ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ലൂപ്പിനു പിന്നില്‍. കാപ്‌സ്യൂള്‍ ആകൃതിയിലുള്ള ട്രെയിന്‍ സര്‍വീസായിരിക്കും ഇതിലൂടെയുണ്ടാവുക. ആളുകളെയും ചരക്കും അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. സിസ്റ്റത്തിന് ആവശ്യമായ ഊർജം ടണിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ പാനുലുകളിൽ നിന്നുമാണ് ലഭിക്കുന്നത്. വിമാനത്തിന്റെ ഇരട്ടി വേഗത, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂർ പ്രവർത്തിപ്പിക്കാം, എന്നിവയാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകതകൾ. ഊര്‍ജ ചെലവ് നന്നേ കുറവായിരിക്കും. പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യതയില്ലെന്നതുമാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തിന്റെ പ്രധാന സവിശേഷത.
The hyperloop project at @iitmadras; Government-academia collaboration is driving innovation in futuristic transportation. pic.twitter.com/S1r1wirK5o
— Ashwini Vaishnaw (@AshwiniVaishnaw) February 24, 2025