വാഷിങ്ടൺ: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സൈനിക നടപടി സ്വീകരിക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കാൻ ഇന്ത്യയുടെ വിദേശ പര്യടന പ്രതിനിധി സംഘം അമേരിക്കയിൽ എത്തിയപ്പോൾ നടത്തിയ സംവാദ പരിപാടി ശ്രദ്ധേയമായി. സംവാദത്തിനിടെ വാഷിങ്ടൺ പോസ്റ്റിൻ്റെ പ്രതിനിധി ചോദ്യവുമായി എഴുന്നേറ്റപ്പോൾ ‘ഇത് അനുവദിക്കരുത്… എന്റെ മകനാണ്’ എന്ന ശശി തരൂരിൻ്റെ കമൻ്റ് കേട്ട് സദസ് ഒരു നിമിഷം അത്ഭുതപ്പെട്ടു. വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഗ്ലോബൽ അഫയേഴ്‌സ് കോളമിസ്റ്റും തരൂരിൻ്റെ മകനുമായ ഇഷാൻ തരൂരായിരുന്നു ചോദ്യ കർത്താവ്.
അച്ഛൻ അടുത്ത ദൗത്യത്തിന് തിരിക്കും മുമ്പ് ഒന്നു കണ്ട് ഹായ് പറയാൻ വന്നതാണെന്ന ഇഷാൻ്റെ മറുപടി കേട്ട് സദസ് ഒന്നടങ്കം ചിരിച്ചു. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്കിൻ്റെ തെളിവുകൾ വിദേശ സർക്കാരുകൾ അന്വേഷിച്ചോ എന്നായിരുന്നു ഇഷാൻ്റെ ചോദ്യം. സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നാണ് മകന്റെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി. തെളിവുകൾ ആരും ചോദിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
മെയ് 24- ന് ആരംഭിച്ച യാത്രയിൽ പനാമ, ഗയാന, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് തരൂരിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അമേരിക്കയിൽ എത്തിയത്.



