ബ്രിസ്‌ബേൻ: ആൽഫ്രഡ് ചുഴലിക്കാറ്റ് കരയോട് അടുക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെങ്കിലും ശക്തമായ കാറ്റും മഴയും ആണ് പല ഭാഗങ്ങളിലും. ചുഴലിക്കാറ്റ് നിലവിൽ ബ്രിസ്ബേനിൽ നിന്ന് 95 കിലോമീറ്റർ കിഴക്കും ഗോൾഡ് കോസ്റ്റിൽ നിന്ന് 75 കിലോമീറ്റർ വടക്കുകിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്. കാറ്റഗറി 2 വിഭാഗത്തിൽ പെടുന്ന ആൽഫ്രഡ് മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ സാവധാനം തെക്ക്-കിഴക്കൻ ക്വീൻസ്‌ലാൻഡ് തീരത്തേക്ക് നീങ്ങുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ആൽഫ്രഡ് ശനിയാഴ്ച രാവിലെ മോറെട്ടൺ ബേ ദ്വീപുകൾ കടന്ന് പ്രധാന ഭൂപ്രദേശ തീരത്തെക്ക്, നൂസയ്ക്കും ബീൻലീക്കും ഇടയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൽഫ്രഡ് തീരം കടന്നുകഴിഞ്ഞാൽ, ശനിയാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ആവശ്യപ്പെട്ടു. വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ തീരപ്രദേശങ്ങളിലും ഗോൾഡ് കൊസ്റ്റിലും കനത്ത മഴയും കാറ്റും ആണ് അനുഭവപ്പെടുന്നത്. 84,000 വീടുകളിൽ വൈദ്യുതി ഇല്ല. തീരത്തേക്ക് അടുക്കുമ്പോൾ മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കണം എന്നാണ് ഗവെർന്മെന്റ് ആവിശ്യപ്പെടുന്നത്.
1974-ൽ ഗോൾഡ് കോസ്റ്റിൽ സോയ് ചുഴലിക്കാറ്റ് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായതിന് ശേഷം ബ്രിസ്‌ബെയ്‌നിന് സമീപം തീരം കടക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും ആൽഫ്രഡ്.