ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിൽ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാൻ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം.
നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. ഇപ്പോള്‍ അപകടമുണ്ടായതിന് പിന്നാലെ, മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.