മൂന്ന് പതിറ്റാണ്ട് കാലത്തെ ആതുരസേവന രംഗത്തെ സേവന പരിചയമുള്ള ആലപ്പുഴയുടെ ജനകീയ ഡോക്ടർ ബി പത്മകുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതല ഏൽക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടർ ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതനാണ്. 2005-2008-ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയും മെഡിസിൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു ഡോക്ടർ, ഇപ്പോൾ വൈദ്യ പഠനം പൂർത്തിയാക്കിയ ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ പ്രിൻസിപ്പളായി എത്തുകയാണ്.
വിവിധ മെഡിക്കൽ കോളേജുകളിലായി 30 വർഷത്തെ അധ്യാപന പരിചയമുള്ള പത്മകുമാർ ഡോക്ടറുടെ നിയമനം ഗവ. ടി ഡി മെഡിക്കൽ കോളേജിനും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഏറെ ഗുണം ചെയ്യും. ആതുര സേവന രംഗത്ത് തന്റേതായ സംഭാവനകൾ നൽകി ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടി പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുകയാണ് ഡോ. ബി പത്മകുമാർ.