വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സിംഹാചലത്ത് ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിൽ ഇടിഞ്ഞുവീണ് എട്ടുപേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ ചന്ദനോത്സവം ഉത്സവത്തിനിടെയാണ് അപകടം നടന്നത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതിൽ ഭക്തർക്ക് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പലരും തകർന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിൽ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എൻഡോവ്‌മെൻ്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കനത്ത കാറ്റിൽ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകൾ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വംഗലപുടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.
ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മതിലാണ് തകർന്നുവീണതെന്നും 20 ദിവസം മുമ്പാണ് മതിൽ നിർമ്മിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.



