ന്യൂഡൽഹി: ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിഷയം ചർച്ചചെയ്യും. പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇനി പരാതികൾ ഉണ്ടാകാതിരിക്കാനാണ് അടിയന്തരമായി യോഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കാനായി നീക്കം തുടങ്ങിയത്.
2021-ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.