തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിലാണ് സംസ്കാരം.
ജൂൺ 12-നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തമെത്തിയത്.