Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.

അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.

by Editor

ടെല്‍ അവീവ്: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശങ്ങളില്‍ സൈറണും മുഴങ്ങി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണം പ്രതിരോധിക്കാനും ഭീഷണി ഇല്ലാതാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഇസ്രയേല്‍ സേന അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചു. ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം. സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും അടച്ചിട്ടുണ്ട്.

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും ആണെന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നതാൻസ്, ഇസ്‌ഫഹാൻ നിലയങ്ങൾക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകൾ പ്രയോഗിച്ചത്. താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടാനാകില്ല ഈ മിസൈലുകൾക്ക്. ദീർഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയുണ്ട് ഈ സബ്‌സോണിക് ക്രൂസ് മിസൈലിന്. ഫൊർദോ ആണവനിലയത്തെ തകര്‍ക്കാന്‍ യു.എസ് ഉപയോഗിച്ചത് മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആണ്. മദർ ഓഫ് ഓൾ ബോംബ്സ് എന്നറിയപ്പെടുന്ന ജിബിയു– 43/ബി മാസ്സിവ് ഓർഡ്‌നൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകൾ ആറെണ്ണം പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചി പറഞ്ഞു. അമേരിക്കയുടെ ക്രിമിനൽ നടപടിക്കെതിരെ എന്നും നിലനിൽക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമിനൽ നടപടിയിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയിരിക്കണം. യു എൻ ചാർട്ടർ അനുസരിച്ചുള്ള പ്രതിരോധത്തിന് ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ വിനിയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അതിനേക്കാൾ ദുരിതമോ ആണ് ഇറാനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓ‍ർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. 40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. ഇറാൻ സമാധാനത്തിന് തയ്യാറാകണം ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. ഇസ്രയേലും യുഎസും ഒരു ടീമായി പ്രവർത്തിച്ചെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈന്യത്തെ അഭിനന്ദിക്കുന്നു. നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ യുഎസ് സൈന്യത്തെയും അഭിനന്ദിക്കുന്നു എന്നും ട്രംപ് പറഞ്ഞു. മറ്റൊരു സൈന്യത്തിനും കഴിയാത്ത കാര്യമാണ് യുഎസ് സൈന്യം ചെയ്തതെന്നു ട്രംപ് പറഞ്ഞു. ദൈവം പശ്ചിമേഷ്യയെയും യുഎസിനെയും അനുഗ്രഹിക്കുമെന്നും രണ്ടര മിനിറ്റോളം നീണ്ട പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അറിയിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അപകടകരമായ ആയുധങ്ങളെയും ഇല്ലാതാക്കാൻ ട്രംപ് പ്രവർത്തിച്ചതായി നാളെ ചരിത്രം രേഖപ്പെടുത്തും എന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയെയും ലോകത്തെയും സമൃദ്ധിയുടേയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന സുപ്രധാന കാര്യമാണ് അദ്ദേഹം ചെയ്‌തത്‌ എന്ന് പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് പറയാറുണ്ട്. ആദ്യം ശക്തിയുണ്ടാകണം. പിന്നീടേ സമാധാനം വരൂ. ട്രംപും യുഎസ് സൈന്യവും അതു പ്രവർത്തിച്ചു കാണിച്ചു. ട്രംപിന് നന്ദി പറയുന്നു എന്ന് നെതന്യാഹു പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!