വാഷിങ്ടൻ ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ചൈന, അപൂർവ ധാതുക്കൾ ഉൾപ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികൾക്ക് യുഎസ് വീസ അനുവദിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് അറിയിച്ചു. ചൈനയും യുഎസുമായുള്ള കരാറിന് രൂപമായെന്നും തൻ്റെയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അമേരിക്കയുടെയും ചൈനയുടെയും ഉന്നതോദ്യോഗസ്ഥർ രണ്ട് ദിവസമായി ലണ്ടനിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ അന്തിമ തീരുമാനമായത്.
ഫുൾ മാഗ്‌നറ്റുകളും ആവശ്യമായ മുഴുവൻ റെയർ എർത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും. അതുപോലെ ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്കയിലെ കോളജുകളിലും സർവകലാശാലകളിലും പഠിക്കാനുള്ള അവസരം ഉൾപ്പെടെയുള്ളവ അമേരിക്ക നൽകും. അമേരിക്കയ്ക്ക് വ്യാപാരച്ചുങ്കം 55 ശതമാനം ലഭിക്കുമ്പോൾ ചൈനയ്ക്ക് പത്ത് ശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.
റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയായിരുന്നു ചർച്ചയിലെ മുഖ്യവിഷയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണത്തിൽവരെ അത്യാവശ്യഘടകമാണ് റെയർ എർത്ത് മൂലകങ്ങൾ. ഇവയുടെ കയറ്റുമതിയുടെ കാര്യത്തിലെ ആഗോളഭീമനാണ് ചൈന.