വാഷിങ്ടൺ: വൻ അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയ രണ്ട് ചൈനീസ് യുവ ഗവേഷകരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്‌തു. ചൈനീസ് സർവകലാശാലയിലെ ഗവേഷകനായ സുയോങ് ലിയു (34), ഇയാളുടെ പെൺസുഹൃത്തും അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ ഗവേഷകയുമായ യുൻ കിങ് ജിയാൻ (33) എന്നിവരാണ് പിടിയിലായത്. കാർഷിക വിളകൾക്ക് വൻ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങൾക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് ഇവർ വിമാന മാർഗം യുഎസിലേക്ക് എത്തിച്ചത്.
അറസ്റ്റിലായ രണ്ട് പേരും ഈ ഫംഗസിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 2024 ജൂലൈയിൽ പെൺസുഹൃത്തിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് സുയോങ് ലിയു ചൈനയിൽ നിന്ന് ഫംഗസ് അമേരിക്കയിലേക്ക് കൊണ്ടു വന്നത്. ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളം വഴിയാണ് ഇയാൾ യുഎസിലെത്തിയത്. മിഷിഗൻ സർവകലാശാല ലാബിൽ ഗവേഷണം നടത്താനായാണ് ഇത് കൊണ്ടുവന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ യുവതിക്ക് ചൈനയിൽ ഇതേ ഫംഗസ് സംബന്ധിച്ച് ഗവേഷണം നടത്താനായി ചൈനീസ് സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും യു.എസ് അധികൃതർ പറഞ്ഞു.
യുവതിക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് അവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ പറഞ്ഞു. ഗൂഢാലോചന, അമേരിക്കയിലേക്കുള്ള കള്ളക്കടത്ത്, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ എഫ്ബിഐയും അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനുമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
അരി, ഗോതമ്പ്, ചോളം, ബാർളി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന ഈ രോഗാണു ആഗോള ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ്. കാർഷിക വിളകൾക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാർഷിക തീവ്രവാദത്തിന് ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. കാർഷിക വിളകൾക്ക് വൻ തോതിൽ നാശമുണ്ടായാൽ അത് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാകും രാജ്യത്തിനുണ്ടാക്കുക. മാത്രമല്ല, ഈ ഫംഗസിലെ വിഷവസ്‌തു മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകട ഭീഷണിയാണ്. ഇതുമൂലം മനുഷ്യർക്ക് ഛർദി, കരളിന് തകരാർ തുടങ്ങിയവയുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറയുന്നു.