ന്യൂ ഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മണ്ഡല പുനർനിർണയ നീക്കത്തിൽ തമിഴ്നാട്ടിലെ സീറ്റ് കുറയ്ക്കരുതെന്ന് ആവശ്യപ്പെടാനും ദ്വിഭാഷാ നയ പ്രശ്നം ഉന്നയിക്കാനും പോയതെന്നുമാണ് അവകാശവാദമെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അമിത് ഷായുമായി എടപ്പാടി ചർച്ച നടത്തിയെന്നാണ് വിവരം.
വിജയുടെ പാർട്ടി കൂടി വന്നതോടുകൂടി, പ്രതിപക്ഷ വോട്ടുകളുടെ വിഭജനം ഡിഎംകെയെ സഹായിക്കുമെന്ന വിലയിരുത്തലുള്ളപ്പോൾ ഈ നീക്കം തമിഴ് നാട് രാഷ്‌ട്രീയത്തിൽ പ്രാധാന്യമുള്ളതാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും സഖ്യ പങ്കാളികളായിരുന്നു, 2023 സെപ്റ്റംബറിൽ ആ സഖ്യം ഇല്ലാതായി. ബി.ജെ.പിയുമായുള്ള സഖ്യസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ “ആറുമാസം കാത്തിരിക്കൂ” എന്നാണ് പളനിസ്വാമി പറഞ്ഞത്.
ബിജെപിയുമായി ഇനിയൊരു സഖ്യമില്ലെന്ന് ഏതാനും നാളുകൾ മുൻപുവരെ പാർട്ടി നേതാക്കൾ ആവർത്തിച്ചിരുന്നെങ്കിലും ഭരണകക്ഷിയായ ഡിഎംകെ മാത്രമാണ് ഏക ശത്രുവെന്നു പറഞ്ഞു കഴിഞ്ഞ ദിവസം എടപ്പാടി നിലപാട് മയപ്പെടുത്തിയിരുന്നു. ഡിഎംകെയെ എതിർക്കുന്ന ആർക്കും മുന്നണിക്കൊപ്പം ചേരാമെന്നാണ് കെ. അണ്ണാമലെയുടെ പ്രതികരണം.