ബംഗളൂരുവിൽ വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പം സ്ഥാപിച്ച് ഫോട്ടോയും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രീ-സ്കൂൾ അധ്യാപിക അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) 25-കാരിയായ ശ്രീദേവി രുദാഗിയെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളായ ഗണേഷ് കാലെ, സാഗർ എന്നിവരെയും പിടികൂടിയിട്ടുണ്ട്.
ബംഗളൂരുവിലെ ഒരു വ്യാപാരി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 2023-ൽ ഇളയ മകളെ പ്രീ-സ്കൂളിൽ ചേർക്കുന്നതിനായി അദ്ദേഹം ശ്രീദേവി പ്രിൻസിപ്പാളായിരുന്ന സ്കൂളിലെത്തുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. തമ്മിൽ സംസാരിക്കാനും സന്ദേശങ്ങൾ കൈമാറാനുമായി പ്രത്യേക സിം കാർഡും ഫോണും വരെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
ശ്രീദേവി വ്യപാരിയിൽ നിന്ന് നാല് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും പിന്നീട്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും വ്യാപാരി പോലീസിൽ പരാതി നൽകുകയും തുടർന്ന് ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.