106
കുവൈത്ത് സിറ്റി : മലയാളി യുവ ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ (36) ആണ് വൃക്ക രോഗത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ വ്യാഴം രാവിലെ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറായിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി വേണ്ടെന്നുവയ്ക്കുകയായിരുന്നു. കാസർകോട് എക്‌സ്‌പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു.
ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകളാണ്. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ആശുപത്രിയിലെ ഡോക്‌ടറുമായ വിപിനാണ് ഭർത്താവ്. മകൻ വിവാൻ ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.