Thursday, July 31, 2025
Mantis Partners Sydney
Home » മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി.
മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി.

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി.

by Editor

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും ബിജെപിയുടെ പരിഗണനയിലുണ്ട്. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ച തുടങ്ങി.

മണിപ്പൂരിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലിൽ തങ്ങുന്നുണ്ട്. നേരത്തേ കോൺ​റാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എന്നാൽ, എൻപിപിയുടെ പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ 12 ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് ബിരേൻ സിങ് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ഗവര്‍ണറെ കണ്ട് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍ നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പും നിയമസഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും കണക്കിലെടുത്താണ് രാജി. മുഖ്യമന്ത്രി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ച ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വൈകുന്നേരത്തോടെയാണ് എം.എല്‍.എമാര്‍ക്കൊപ്പമെത്തി ഗവര്‍ണറെ കണ്ട് തന്റെ രാജിക്കത്ത് കൈമാറിയത്.

മണിപ്പൂരിൽ സംഘർഷം ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിങ് രാജിവെച്ചത്. മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിങ് ആണെന്ന  ആരോപണം തുടക്കം തൊട്ട് ശക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ഒടുവിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായി രാജി. ബീരേൻ സിങ്ങിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻസിങ്ങിൻറെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. അതേസമയം, മണിപ്പുരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!